സലിംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

169

തിരുവനന്തപുരം∙ കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെ ഒഴിവാക്കി സിബിഐ നൽകിയ കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു സിബിഐ കാരണം വ്യക്തമാക്കിയിട്ടില്ലെന്നു കോടതി വ്യക്തമാക്കി. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തപ്പോൾ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു.

എന്നാൽ 2005ൽ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച സിബിഐ കുറ്റപത്രത്തിൽ ഡപ്യൂട്ടി തഹസിൽദാർ അടക്കം അഞ്ചുപേരാണു പ്രതികൾ. കടകംപള്ളി മുൻ വില്ലേജ് ഓഫിസറും ഇപ്പോഴത്തെ ഡപ്യൂട്ടി തഹസിൽദാറുമായ വിദ്യോദയകുമാർ, വർക്കല സ്വദേശി നിസ്സാർ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിൻ, റുക്കിയ ബീവി എന്നിവരെയാണു പ്രതിയാക്കിയത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങൾ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയിട്ടുണ്ട്. സലിംരാജ് ഇതിൽ ഒന്നിൽ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണു സലിംരാജിനെതിരായി ഇതിൽ ചുമത്തിയിരിക്കുന്നത്. സലിംരാജിന്റെ ഭാര്യ ഷംഷദിനെ എഫ്ഐആറിൽ പ്രതി ചേർത്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ ഒഴിവാക്കി. സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് സിബിഐ ഏറ്റെടുത്തത്.

NO COMMENTS

LEAVE A REPLY