കാണാതായവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു പരിശോധനയും അന്വേഷണവും തുടങ്ങി

209

തൃക്കരിപ്പൂർ (കാസർകോട്) ∙ പടന്ന, തൃക്കരിപ്പൂർ മേഖലകളിൽ നിന്നു മൂന്നു കുട്ടികൾ ഉൾപ്പെടെ 17 പേർ ഒരു മാസത്തിനിടെ അപ്രത്യക്ഷരായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കാണാതായവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു പരിശോധനയും അന്വേഷണവും തുടങ്ങി. കാണാതായവർ മുൻകാലങ്ങളിൽ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പരുകളെ ആശ്രയിച്ചാണു പ്രധാനമായും അന്വേഷണം. ഇതിനു സൈബർ‍സെല്ലിന്റെ സഹായമുണ്ട്. ഇതോടൊപ്പം കാണാതായ ശേഷം സന്ദേശങ്ങൾ വന്ന ഫോൺനമ്പരുകൾ കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തി. സന്ദേശം വന്ന ഫോണുകൾ ഇതിനായി പൊലീസ് സംഘം വീട്ടുകാരിൽ നിന്നു വാങ്ങിയിട്ടുണ്ട്. ഇവരുമായി അടുപ്പമുണ്ടായവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും.

പാലക്കാട്ടു നിന്നു രണ്ടു കുടുംബങ്ങളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടു പാലക്കാട് പൊലീസ് സംഘവും തൃക്കരിപ്പൂരിലെത്തി. പാലക്കാട് യാക്കരയിൽ നിന്ന് അപ്രത്യക്ഷരായ ഈസ, യഹിയ എന്നിവരും കുടുംബവും മുൻപ് പലതവണ പടന്നയിലും തൃക്കരിപ്പൂരിലും എത്തിയിരുന്നു. തൃക്കരിപ്പൂരിൽ നിന്നു കാണാതായവരിൽ ചിലരുമായി ഈസയും യഹിയയും ഉറ്റബന്ധം പുലർത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഭാഗത്തു നിന്നുള്ള ഒരു മതപണ്ഡിതനും ക്ലാസ് നയിക്കുന്ന സംഘാടകനും കാണാതായവരുമായി പുലർത്തിയ ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY