ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവ് വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍. ഇന്ന്‍ രാവിലെയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയലക്ഷ്യക്കേസില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ കര്‍ണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തെ ഉടന്‍ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ സുപ്രീം കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കാളഹസ്തിയിലേക്കും തിരുപ്പതിയിലേക്കും പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഹൈക്കോടതി ജസ്റ്റിസ് സി.എസ്.കർണനെ തിരക്കിയുള്ള പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ചതോടെയാണ് ജസ്റ്റിസ് കര്‍ണനെ ചൊല്ലി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ജസ്റ്റിസ് എവിടെയുണ്ടെന്നു പോലീസിനു ധാരണയില്ല. സ്ഥലം അജ്ഞാതമാണ്. നിൽക്കുന്ന സ്ഥലം നിരന്തരം മാറുന്നതിനാല്‍ അന്വേഷണ സംഘം കുഴയുകയായിരുന്നു. വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ പുലർച്ചെ വരെ കർണൻ ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശിൽ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടർന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.