ദില്ലി: കോടതിയലക്ഷ്യ കേസിൽ ആറ് മാസത്തെ തടവിന് ശിക്ഷിച്ച സുപ്രീംകോടതി വിധിക്കെതിരേ ജസ്റ്റീസ് കർണൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാറാണ് അപേക്ഷ പരിഗണിക്കാമെന്ന് അറിയിച്ചത്. എന്നാൽ അപേക്ഷ എന്ന കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല. തടവ് ശിക്ഷ വിധിച്ച ഉത്തരവിനെതിരേ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ കർണൻ തീരുമാനിച്ചെങ്കിലും പ്രമുഖ അഭിഭാഷകരാരും കേസ് ഏറ്റെടുക്കാൻ തയാറായില്ല. പിന്നീട് ഇന്ന് കോടതി പിരിയുന്നതിന് തൊട്ടുമുൻപ് കർണന്‍റെ അഭിഭാഷകൻ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ ആറ് മാസത്തേയ്ക്ക് സ്റ്റേ ചെയ്യണമെന്നും കോടതിയലക്ഷ്യമെന്ന നിയമം തന്നെ തെറ്റാണെന്നുമാണ് കർണൻ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷ പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചെങ്കിലും കർണനെതിരേ വിധിച്ച ശിക്ഷ ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ ഏത് നിമിഷവും പശ്ചിമ ബംഗാൾ പോലീസ് കർണനെ അറസ്റ്റ് ചെയ്യും.