ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ലോക്പാല്‍ ആയി സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി. ലോക്പാല്‍ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് അഞ്ചു വര്ഷത്തിനുശേഷമാണ്അധ്യക്ഷനെ നിയമിക്കുന്നത്.
എസ്എസ്ബി മുന്‍ തലവന്‍ അര്‍ച്ചന രാമസുന്ദരം, മഹാരാഷ്ട്ര മുന്‍ ചീഫ് സെക്രട്ടറി ദിനേശ് കുമാര്‍ ജയ്ന്‍, മഹേന്ദര്‍ സിംഗ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരാണ് ലോക്പാലിലെ നോണ്‍ ജുഡീഷല്‍ അംഗങ്ങള്‍. ജസ്റ്റീസുമാരായ ദിലീപ് ബി. ഭോസ്ലെ, പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാര്‍ ത്രിപാഠി എന്നിവരെ ജുഡീഷല്‍ അംഗങ്ങളായും നിയമിച്ചു.
സുപ്രീംകോടതി രംഗത്തെത്തിയതോടെയാണ് ലോക്പാല്‍ നിയമനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയത്. 2013-ല്‍ ലോക്പാല്‍ നിയമം പാസാക്കിയതിനു ശേഷം നിയമന നടപടികള്‍ ഒന്നും എടുക്കാതിരുന്നതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനുള്ളില്‍ നിയമന സമിതി യോഗം ചേര്‍ന്ന് തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണു ലോക്പാല്‍ നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലോക്സഭ സ്പീക്കര്‍, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, സുപ്രീംകോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി, രാഷ്ട്രപതി നിയോഗിക്കുന്ന രണ്ടു വിശിഷ്ട വ്യക്തികള്‍ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.
ലോക്സഭയില്‍ ഒൗപചാരിക പ്രതിപക്ഷ നേതാവില്ലാത്തതിനാല്‍ സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രത്യേക ക്ഷണിതാവായാണു സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു ഖാര്‍ഗെ വിട്ടുനിന്നിരുന്നു.
പ്രധാനമന്ത്രി മോദി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, സ്പീക്കര്‍ സുമിത്ര മഹാജന്, മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നിയമനത്തിനുള്ള അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയത്. 2017 മേയ് വരെ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് പി.സി. ഘോഷ്, ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗമാണ്. കോല്‍ക്കത്ത, ആന്ധ്രപ്രദേശ് ഹൈക്കോടതികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.