പാലക്കാട് • സ്വാതന്ത്ര്യ സമര സേനാനിയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ പാലക്കാട് താരേക്കാട് ഹരിശങ്കര്‍ റോഡില്‍ കിഴക്കെപ്പാട്ട് കെ. അച്യുതന്‍കുട്ടി മേനോന്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം. ശ്രീകൃഷ്ണപുരത്തെ തറവാട്ടുവക യുപി സ്കൂളില്‍ പ്രധാനാധ്യാപകനായി ജോലിചെയ്തു വരുന്നതിനിടെ 1975ലാണ് അച്യുതന്‍കുട്ടി മേനോനു സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ് ലഭിച്ചിത്. സ്കൂള്‍ പഠന കാലത്തു ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഗവ. വിക്ടോറിയ കോളജ്, മദ്രാസ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നീ കലാലയങ്ങളിലും ഇതര വിദ്യാലയങ്ങളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. സാമൂഹിക പ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ‘വിദ്യാലോകം’ മാസികയുടെ പ്രസാധകനുമായിരുന്നു. ദീര്‍ഘകാലം ശ്രീകൃഷ്ണപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അച്യുതന്‍കുട്ടി മേനോന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി എക്സിക്യൂട്ടീവ് അംഗം, ഭാരത് സേവക് സമാജ് ബ്ലോക്ക് കണ്‍വീനര്‍, പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്. വിദേശ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറിയായ സുജ കെ. മേനോന്‍ അച്യുതമേനോന്റെ സഹോദരിയുടെ പേരക്കുട്ടിയാണ്.