കെ.ബാബുവിന്‍റെ ഇളയ മകളുടെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 100 ലേറെ പവന്‍ സ്വര്‍ണം കണ്ടെത്തി

221

കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്‍റെ ഇളയ മകളുടെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 100 ലേറെ പവന്‍ സ്വര്‍ണം കണ്ടെത്തി. തമ്മനം യൂണിയന്‍ ബാങ്കിലെ ലോക്കറിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ബാബുവിന്റെ മരുമകന്‍ വിപിന്‍ തന്നെയാണ് പരിശോധനയ്ക്ക് ശേഷം ലോക്കറില്‍ ഇത്രയും സ്വര്‍ണമുണ്ടെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. കുടുംബസ്വത്തിന്റെ ഭാഗമാണ് സ്വര്‍ണമെന്നും അദ്ദേഹം വിശദീകരിച്ചു.
നേരത്തെ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. തേനിയില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ ആരോപിച്ചത് തെറ്റിദ്ധാരണമൂലമാകാം, തന്റെ പിതാവിന്റെ പേരും ബാബുവെന്നാണെന്നും വിപിന്‍ പറഞ്ഞു.
2008 ല്‍ വാങ്ങുകയും 2011 ല്‍ വില്‍ക്കുകയും ചെയ്ത സ്ഥലമാണിത്. വിവാഹത്തിന് മുമ്ബായിരുന്നു ഇത്. വിജിലന്‍സ് പ്രാഥമിക പരിശോധന എങ്കിലും നടത്തിയിരുന്നെങ്കില്‍ തേനിയിലെ ഭൂമിയിടപാടിന്റെ പേരിലുള്ള വിവാദം ഒഴിവാക്കാമായിരുന്നെന്നും വിപിന്‍ പറഞ്ഞു.പ്രാഥമിക പരിശോധനയില്ലാതെ തേനിയില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് ആരോപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിപിന്‍ അറിയിച്ചു.മൂത്തമകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയിലും ഏകദേശം 100 പവന്‍ സ്വര്‍ണം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY