കെ.ബാബുവിന് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമെന്ന് എഫ്‌ഐആര്‍

213

കൊച്ചി• മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമെന്ന് എഫ്‌ഐആര്‍. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. എറണാകുളത്തും കേരളത്തിനു പുറത്തും ബെനാമി സ്വത്തുക്കളുണ്ട്. മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ കാര്‍ വാങ്ങി. ബാര്‍ കോഴ ആരോപണം പുറത്തുവന്നപ്പോള്‍ കാര്‍ വിറ്റെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അനധികൃത സ്വത്തുസമ്ബാദനത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു.അതേസമയം, ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. ഇന്നു പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.
രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും തൊടുപുഴയിലുള്ള മകളുടെ വീട്ടിലും കൊച്ചിയിലുള്ള മകളുടെ വീട്ടിലുമാണ് റെയ്ഡ്. കൂടാതെ ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബെനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളിലും റെയ്ഡ് തുടരുകയാണ്. കുമ്ബളത്തും വൈറ്റിലയിലുമുള്ള സഹായികളുടെ വീടുകളിലാണ് റെയ്ഡ്.
ബാര്‍ – ബീയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടു 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടലുടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ റെയ്ഡ്.

NO COMMENTS

LEAVE A REPLY