കൊച്ചി: ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് ബാബുവിന് നോട്ടീസ് അയച്ചു. വിജിലന്‍സ് ഓഫീലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക.
കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റായ വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയുടെ പുറത്താണ് വിജിലന്‍സിന്‍റെ നടപടി. മന്ത്രിയായിരുന്നപ്പോള്‍ കെ ബാബു ചെയ്തിട്ടുള്ള എല്ലാ നടപടികളും പരിശോധിക്കണമെന്നായിരുന്നു പരാതി.ബാര്‍ ലൈസന്‍സുകള്‍ നല്‍കിയതിലടക്കം പലകാര്യങ്ങളിലും അഴിമതിയുണ്ട്. ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതും പരിശോധിക്കേണ്ടതുണ്ട്.കൂടാതെ ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ കെ ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഞായറാഴ്ച ഹാജരാകാന്‍ അറിയിച്ചിരുന്നെങ്കിലുംഅസൗകര്യം അറിയിച്ചതിനാലാണ് തിങ്കളാഴ്ച ചോദ്യം ചെയ്യുന്നത്.