തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ എക്സൈസ് മന്ത്രി കെ.ബാബു. അസാധാരണമായ രീതിയിലാണ് കേസ് മുന്നോട്ട് പോകുന്നത്. പരാതി വന്നതും കേസെടുത്തതും പുതിയ സര്‍ക്കാര്‍ വന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ്. സര്‍ക്കാരിന് നഷ്ടമുണ്ടാവുന്ന ഒരു നടപടിയും മനഃപ്പൂര്‍വ്വം നടത്തിയിട്ടില്ലെന്നും കെ.ബാബു പറഞ്ഞു. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കവേയാണ് ബാബു ഇങ്ങനെ പറഞ്ഞത്.
കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ.ബാബുവിനെ ചോദ്യം ചെയ്തത്.
ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്റെ കാലത്ത് നടന്ന എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു. അതില്‍ തൃപ്തരാണോ എന്ന് വിജിലന്‍സാണ് പറയേണ്ടത്.അതേ സമയം തനിക്ക് വിജിലന്‍സില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് തൊട്ടടുത്ത ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി വ്യവസായി വി.എം.രാധകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടറെ സമീപിക്കുന്നത്. ഉടന്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും തന്റെ മൊഴിയെടുക്കുകയും ചെയ്തു. ഇത് അസാധരണമായ നടപടിയാണെന്നും ബാബു വ്യക്തമാക്കി.
നേരത്തെ സമാനമായ ആരോപണത്തില്‍ വിജിലന്‍സ് തനിക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേസ് റഫര്‍ ചെയ്തതാണ്. ആ കേസാണ് ഇപ്പോള്‍ പൊടി തട്ടിയെടുത്ത് കൊണ്ട് വന്നിരിക്കുന്നതെന്നും കെ.ബാബു പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വലിയ ക്രമക്കേടും അഴിമതിയും നടന്നെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.ബാബുവിനെതിരെ കേസെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സിന് മുമ്ബാകെ ചോദ്യം ചെയ്യലിനായി കെ.ബാബു എത്തിയത്.പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിജിലന്‍സ് ഡിവൈ.എസ്.പി.ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കെ.ബാബുവിനെ ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ നടപടി ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൂര്‍ത്തിയായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില ബാര്‍ ലൈസന്‍സുകള്‍ പെട്ടെന്ന് നല്‍കുകയും മറ്റു ചിലത് അകാരണമായി വൈകിപ്പിക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് കെ.ബാബുവിനെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ മാസമോ അടുത്ത മാസം അവസാനത്തോടെയോ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.