തിരുവനന്തപുരം : വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരിൽ ജന്മനാട് നൽകിവരുന്ന ബഹുമതിയായ ബഷീർ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും, മലയാള സര്‍വ്വകലാശാല പ്രഥമ വൈസ് ചാന്‍സിലറുമായിരുന്ന കെ.ജയകുമാർ അർഹനായി. ബഷീറിന്റെ ഇരുപത്തിനാലാം ചരമവാര്‍ഷികദിനമായ ജൂലൈ 5ന് തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരകസമിതി സംഘടിപ്പിക്കുന്ന ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമർപ്പിക്കും. പ്രശസ്തിപത്രവും, ഫലകവും, 10001 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എം.എം ബഷീര്‍ ചെയര്‍മാനായ ജൂറിയാണ് ജയകുമാറിനെ തിരഞ്ഞെടുത്തത് എന്ന് ബഷീര്‍ സ്മാരക സമിതി സെക്രട്ടറി പി.ജി ഷാജി മോന്‍ അറിയിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
വിദ്യാഭ്യാസ കാലം മുതൽക്കേ കവിതകളും ചലച്ചിത്ര ഗാനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം, എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘ഭദ്രദീപം’ എന്ന ചിത്രത്തില്‍ ‘മന്ദാരമണമുള്ള കാറ്റേ’ എന്ന ഗാനം രചിച്ചുകൊണ്ടാണ് രചനാരംഗത്തേയ്ക്ക് കടന്നുവന്നത്. 17 ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചുവെങ്കിലും, ‘ഒരു വടക്കന്‍ വീരഗാഥ’യിലെ ‘ചന്ദനലേപസുഗന്ധം’ എന്ന ഗാനമാണ് ഒരു ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്. പ്രശസ്ത ചലച്ചിത്ര സംവിധായകനായ എം.കൃഷ്ണന്‍നായരുടെ പുത്രനായി മണ്ണന്തലയില്‍ ജനിച്ച ജയകുമാര്‍, ഐ എ എസ് ബിരുദത്തിനു ശേഷം, കോഴിക്കോട്ട് കളക്റ്ററായും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയും ടൂറിസം ഡയറക്റ്ററായും അഡീഷണൽ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.