അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ കോടിയേരി നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണെന്ന് കെ.കെ. രമ

220

കോഴിക്കോട്: അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണെന്ന് കെ.കെ. രമ. ടി.പി.ചന്ദ്രശേഖരനെ അനുകൂലിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണു കെ.കെ.രമ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. . ഓര്‍ക്കാട്ടേരിയില്‍ സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ല തുടങ്ങിയ കോടിയേരിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രമ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനല്ലെന്ന വെളിപാട് സിപിഎം സംസ്ഥാന സെക്രട്ടറി ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജന്‍മാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേല്‍ചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവര്‍ഷങ്ങള്‍ക്കും കൊടുംനുണപ്രചാരണങ്ങള്‍ക്കുമെല്ലാം എത്ര തവണ നേര്‍സാക്ഷിയായ മൈതാനമാണിത്. തീര്‍ച്ചയായും പുതിയ ഏറ്റുപറച്ചിലുകള്‍ക്കും ഇവിടം തന്നെയാണ് ഉചിതമെന്നും അവര്‍ പറഞ്ഞു.

ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ സഖാക്കളും ഒരിക്കലും സിപിഎം വിരുദ്ധരായിരുന്നില്ലെന്ന് ഈ നാടിനറിയാം. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പതിറ്റാണ്ട് നീണ്ട തങ്ങളുടെ ഗീബല്‍സിയന്‍ നുണപറച്ചില്‍ ഇവിടുത്തെ ജനങ്ങളുടെ മനസ്സിനെ തെല്ലും സ്പര്‍ശിച്ചു പോലുമില്ലെന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ് കോടിയേരിയുടെ ലജ്ജാശൂന്യമായ പുതിയ കരണംമറിച്ചില്‍ ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല എന്നും കെ.കെ.രമ പറഞ്ഞു.

NO COMMENTS