തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളേജ് ഈ സര്ക്കാരിന്റെ കാലത്തുതന്നെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. പ്രഖ്യാപിത മെഡിക്കല്‍ കോളേജുകളില്‍ ആദ്യ പരിഗണന മലയോര ജില്ലയായ ഇടുക്കിക്കാണെന്നും ഷൈലജടീച്ചര്‍ പറഞ്ഞു.
ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി എത്രയും വേഗം ഇടുക്കിക്കാരുടെ ചിരകാല സ്വപ്നം പൂര്‍ത്തിയാക്കും.
350 കോടി രൂപ പ്രാഥമികമായി കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. 10 കോടി രൂപ വകിരുത്തിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസം നീക്കാന്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി പ്രൊപ്പോസല്‍ നല്‍കാന്‍ പ്രിന്‍സിപ്പലിന് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മലയോരമേഖലയെന്ന നിലയില്‍ പ്രഥമ പരിഗണന ഇടുക്കിക്കെന്നും മന്ത്രി.
ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എം എം മണി, റോഷി അഗസ്റ്റിന്‍, കളക്ടര്‍ ജി ആര്‍ ഗോകുല്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.