മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചു

186

കണ്ണൂര്‍ • മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്.അതേസമയം പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണു പൊലീസിന്റെ വിശദീകരണം. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങില്‍ ഉദ്ദേശിച്ചതെന്നു മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.പൊലീസ് നടപടി സംഘപരിവാര്‍ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നിഷേധിച്ച നടപടി പിന്‍വലിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി.എന്നാല്‍ മുഴക്കുന്ന് പഞ്ചായത്ത് അപേക്ഷ നല്‍കുന്ന സമയത്ത് സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ് പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്തു മാത്രമല്ല, ഒട്ടേറെ കലാ സാംസ്കാരിക സംഘടനകളും ഓണാഘോഷത്തിനായി അനുമതി ആവശ്യപ്പെട്ടിരുന്നു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാം നിഷേധിക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ചു സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. ഉന്നത പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്നും എസ്‌ഐ പി.എ.ഫിലിപ് പറഞ്ഞു.

NO COMMENTS

LEAVE A REPLY