തന്‍റെ മകന്‍ അനധികൃതമായി ജോലി സമ്പാദിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ

474

തിരുവനന്തപുരം: തന്‍റെ മകന്‍ അനധികൃതമായി ജോലി സമ്പാദിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. തന്‍റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചത് യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണ്. എം.ടെക് ബിരുദധാരിയായ മകന്‍ വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. അമ്മ മന്ത്രിയാണെന്ന കാരണത്താല്‍ നേരത്തെ കിട്ടിയ ജോലിയും മക്കള്‍ ഉപേക്ഷിക്കണമെന്നാണോ മാധ്യമങ്ങള്‍ പറയുന്നതെന്നും ആരോഗ്യ മന്ത്രി ചോദിച്ചു. മരുമകളുടെ ജോലിയെക്കുറിച്ച്‌ വരുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്.മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്‍റീസായി ജോലിയുണ്ട്. തന്‍റെ മരുമകളും എം.ബി.എ ബിരുദമുള്ള ആളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്‍റെ മകനും മരുമകളും അനധികൃത നിയമനം നേടിയതായി ചില ചാനലുകളില്‍ വാര്‍ത്ത വരുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY