തിരുവനന്തപുരം: വെളിച്ചെണ്ണ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിയമസഭയില്‍ പി.ടി.തോമസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മലയാളികളുടെ ഭക്ഷണത്തിലെ അഭിവാജ്യഘടകമായ വെളിച്ചെണ്ണയില്‍ വ്യാപകമായ മായം കലര്‍ത്തി വില്‍ക്കുകയാണെന്ന് പി.ടി.തോമസ് പറഞ്ഞു. ഇത് രോഗങ്ങളിലേക്ക് നയിക്കും. അനുപമ ഐ.എ.എസ് ഭക്ഷ്യസുരക്ഷ കമ്മീഷണറായിരുന്നപ്പോള്‍ മായംകലര്‍ന്ന വെളിച്ചെണ്ണയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ അവരെ സ്ഥലംമാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ഉല്‍പന്നമായ കേര ഫെഡിനെപ്പോലും ദുരുപയോഗം ചെയ്തു. മായം കലര്‍ന്ന വെളിച്ചെണ്ണ നിരോധിച്ചതിനുശേഷം മറ്റൊരു ബ്രാന്‍ഡുകളില്‍ ഇത് വിപണിയിലെത്തി. യഥാര്‍ത്ഥ വെളിച്ചെണ്ണയ്ക്ക് ഒരു കിലോയ്ക്ക് 20 രൂപ ലാഭം ലഭിക്കുമ്പോള്‍ മായം കലര്‍ന്നതിന് 100 രൂപയാണ് ലഭിക്കുന്നത്. മൂന്നുതരത്തിലാണ് മായം കലര്‍ത്തുന്നത്. ഇത് പരിശോധിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ സംസ്ഥാനത്തില്ല. കേരളത്തില്‍ മാത്രം ഉപയോഗിക്കുന്നതുകാരണം കേന്ദ്ര പരിശോധന ഏജന്‍സികളും ഇക്കാര്യത്തില്‍ ശുഷ്‌ക്കാന്തി കാട്ടുന്നില്ല. വെളിച്ചെണ്ണ ഉല്‍പാദനത്തിന് ഡീലര്‍ ലൈസന്‍സ്, മാനുഫാച്ചറിംഗ് ലൈസന്‍സ്, പ്രൊസസിംഗ് ലൈസന്‍സ് എന്നിവ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന പരിശോധന നടത്തും. നിയമത്തില്‍ പ്രതിപാദിക്കുന്ന ശിക്ഷയും ഉറപ്പാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷ പരിശോധിക്കുന്നതിന് ലാബുകളുള്ളത്. കൂടുതല്‍ സ്ഥലത്ത് ലാബുകള്‍ തുടങ്ങും. ഹൈദരാബാദിലെ ദേശീയ ലാബിന്റെ മാതൃകയില്‍ അത്യാധുനിക ഭക്ഷ്യ സുരക്ഷാ ലാബ് സ്ഥാപിക്കുന്നതിന് തുക അനുാദിച്ചിട്ടുണ്ട്. സ്ഥലവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.