തിരുവനന്തപുരം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിന്‍റെ വീട്ടില്‍ പരിശോധന നടത്തിയതില്‍ എസ്.പി കെ രാജേന്ദ്രന്‍ വിശദീകരണം നല്‍കി. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട നടപടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. മുകളില്‍ നിന്നുള്ള അന്വേഷണം എന്നതുകൊണ്ട് ഉദ്ദേശിച്ചത് കോടതിയില്‍ നിന്നുള്ള ഉത്തരവാണെന്നും എസ്.പി വിശദീകരണത്തില്‍ പറയുന്നു. ഏബ്രഹാമിന്‍റെ വീട്ടില്‍ പരിശോധന നടക്കവേ മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണെന്ന് എസ്.പി പറഞ്ഞത് വിവാദമായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ എതിരാളികള്‍ ഇത് ഉപയോഗിച്ചിരുന്നു. എന്നാല്‍ പരിശോധന തന്‍റെ അറിവില്ലാതെയാണെന്നും ടീം നേതാവ് എന്ന നിലയില്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. സംഭവത്തില്‍ എസ്.പിയോട് വിശദീകരണം തേടുകയായിരുന്നു.