കേരള കോണ്‍ഗ്രസ്(എം) ശക്തിയാര്‍ജിക്കുന്നതിനെ ഇരുമുന്നണികളും അസഹിഷ്ണുതയോടെ കാണുകയാണെന്നു കെ.എം. മാണി

201

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) ശക്തിയാര്‍ജിക്കുന്നതിനെ ഇരുമുന്നണികളും അസഹിഷ്ണുതയോടെ കാണുകയാണെന്നു കെ.എം. മാണി. യു.ഡി.എഫ്. വിട്ട പാര്‍ട്ടി നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായിട്ടാകും ഇരിക്കുക. അതിനുള്ള അപേക്ഷ സ്പീക്കര്‍ അംഗീകരിച്ചുകഴിഞ്ഞു. പ്രത്യേക ബ്ലോക്ക് എന്നാല്‍ തിങ്ങിഞെരുകാതെ യു.ഡി.എഫില്‍നിന്നു മാറി പ്രത്യേകമിരിക്കുന്നു എന്നുമാത്രമാണെന്നും കേരള കോണ്‍ഗ്രസ്(എം) ജില്ലാ നേതൃക്യാന്പ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.യു.ഡി.എഫ്. അനൈക്യമുന്നണിയായിരുന്നു. ഒപ്പം ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കവുമുണ്ടായി. കേരള കോണ്‍ഗ്രസ്(എം) ശക്തിയാര്‍ജിക്കുന്നത് അവിടെയായാലും ഇവിടെയായാലും അസഹിഷ്ണുതയോടെയാണ് കാണുന്നത്.അധ്വാനവര്‍ഗത്തിന്‍റെ ഉന്നമനമാണ് ലക്ഷ്യം. എന്നാല്‍ ഇന്നു പലരും അധ്വാനവര്‍ഗത്തെ മറക്കുകയാണ്. അധികാരത്തില്‍ വരാന്‍ എല്ലാവരും വേണം. അധികാരം കിട്ടിക്കഴിഞ്ഞാല്‍ ആരും വേണ്ട എന്നതാണ് രീതി. ബി.ജെ.പി. വര്‍ഗീയത വളര്‍ത്തുകയാണ്. സി.പി.എമ്മും ബി.ജെ.പിയും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇരു കൂട്ടരും അക്രമം വെടിയണം. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്‍റെ ഇറക്കുമതിനയം ഉള്‍പ്പെടെയുള്ളതാണ് കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ത്തത്. റബര്‍, നാളികേര കൃഷികള്‍ സംരക്ഷിക്കാന്‍ കര്‍ഷകപക്ഷത്തുനിന്നു സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും മാണി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കൊട്ടാരക്കര പൊന്നച്ചന്‍ അധ്യക്ഷത വഹിച്ചു.

NO COMMENTS

LEAVE A REPLY