തിരുവനന്തപുരം:അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസ് നിയമസഭ ചേര്‍ന്നപ്പോഴേക്കും പിന്‍വലിച്ച കെ.എം. മാണിക്കു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ വിമര്‍ശനം. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ നിയമസഭ വിട്ടു. മാണി ഇന്നലെ സഭയില്‍ എത്തിയതുമില്ല.യു.ഡി.എഫ്. അംഗങ്ങള്‍ രാവിലെ ചോദ്യോത്തരവേള ബഹിഷ്കരിച്ചിരുന്നു. സഭയിലിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നു വിട്ടുനിന്നു. തുടര്‍ന്ന് ശൂന്യവേള തുടങ്ങിയപ്പോഴാണ് റൂള്‍ 50 പ്രകാരം അടിയന്തര പ്രമേയത്തിനു നോട്ടീസ് ലഭിച്ചിരുന്നതായി സ്പീക്കര്‍ പരാമര്‍ശിച്ചത്. നോട്ടീസ് ഇന്നലെ രാവിലെ പിന്‍വലിക്കപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഭയുടെ ശ്രദ്ധ പതിയുന്നതിനു വേണ്ടിയുള്ള ചട്ടമനുസരിച്ചു നല്‍കിയ നോട്ടീസ് പിന്‍വലിക്കുന്നതു ശരിയല്ലെന്നു സ്പീക്കര്‍ പറഞ്ഞു.
പ്രമേയത്തിന്‍റെ വിഷയം റബര്‍ വിലയിടിവുമായി ബന്ധപ്പെട്ടതാണെന്നു സ്പീക്കര്‍ പരാമര്‍ശിക്കേണ്ടിയിരുന്നു എന്ന് മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. 11 ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരെ സംബന്ധിച്ച വിഷയം ഉന്നയിക്കാതെ നോട്ടീസ് പിന്‍വലിച്ചതോടെ മാണിയുടെ കര്‍ഷകസ്നേഹം വ്യക്തമായെന്നു ബാലന്‍ പറഞ്ഞു. എതിപ്പുമായി സി.എഫ്. തോമസ് എണീറ്റെങ്കിലും ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങള്‍ക്കു ശേഷം സമയം അനുവദിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. സഭാനടപടികള്‍ ആരംഭിച്ചതിനു ശേഷമാണ് അടിയന്തരപ്രമേയം പിന്‍വലിക്കുന്നതായി നോട്ടീസ് ലഭിച്ചതെന്നും അതു ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാകക്ഷി ഉപനേതാവ് പി.ജെ. ജോസഫ് എഴുന്നേറ്റു. ശ്രദ്ധക്ഷണിക്കല്‍ കഴിഞ്ഞശേഷം അവസരം നല്‍കാമെന്ന് സ്പീക്കര്‍ അദ്ദേഹത്തോടും പറഞ്ഞതോടെ പാര്‍ട്ടിയംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് പുറത്തുപോയി. തുടര്‍ന്ന് ഇതേവിഷയത്തില്‍ ഉപക്ഷേപം അവതരിപ്പിച്ച പി.സി. ജോര്‍ജ് കേരളാ കോണ്‍ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു.സ്വാശ്രയ പ്രശ്നത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ നിയമസഭാ കവാടത്തില്‍ തുടരുന്ന സത്യഗ്രഹസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്താത്തതില്‍ പ്രതിഷേധിച്ചാണു സഭ വിട്ടതെന്ന് കേരളാ കോണ്‍ഗ്രസ് പിന്നീടു പ്രസ്താവനയില്‍ അറിയിച്ചു.
നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയം ആരോഗ്യപരമായ കാരണങ്ങളാല്‍ കെ.എം. മാണിക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്നത്തേക്കു മാറ്റാന്‍ ആവശ്യപ്പെടുകയാണു ചെയ്തത്. അക്കാര്യം സഭയില്‍ വിശദീകരിക്കാന്‍ സി.എഫ്. തോമസും പി.ജെ. ജോസഫും ശ്രമിച്ചിരുന്നു. റബര്‍ വിലയിടിവ് ഉള്‍പ്പെടെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള അടിയന്തരപ്രമേയത്തിന് ഇന്ന് അനുമതി തേടുമെന്നും പാര്‍ട്ടി നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് വ്യക്തമാക്കി.