കോട്ടയം: കേരള കോണ്‍ഗ്രസും സിപിഐഎമ്മും ചേര്‍ന്ന് നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സിപിഐഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്ത് സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും പി.സി ജോര്‍ജ് വിഭാഗം പ്രതിനിധി വോട്ട് അസാധുവാക്കുകയും ചെയ്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാര്‍ട്ടിയുടെ എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് ഏഴ് അംഗങ്ങളുണ്ട്. പി.സി ജോര്‍ജ് വിഭാഗത്തിന് ഒരു പ്രതിനിധിയുണ്ട്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.