വിജിലൻസ്‌ കോടതിവിധിയെ സ്വാഗതം ചെയ്യുന്നു : കെ.എം.മാണി

191

കോട്ടയം∙ സ്വാഭാവിക നീതിക്കനുസൃതമായി തന്റെ ഭാഗംകൂടി കേൾക്കാതെ ഉണ്ടായതാണെങ്കിലും വിജിലൻസ്‌ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി മുൻ ധനമന്ത്രി കെ.എം.മാണി. ബാർകോഴ ആരോപണം സംബന്ധിച്ച്‌ ഏതുതരം അന്വേഷണത്തിനും താൻ എതിരല്ല. എന്നാൽ അന്വേഷണം സുതാര്യവും സത്യസന്ധവുമായിരിക്കണം. കോടതി ഉത്തരവ്‌ താൻ മാനിക്കുന്നെന്നും മാണി പറഞ്ഞു.

ബാർ കേസ്‌ സമഗ്രമായി അന്വേഷിച്ചശേഷം താൻ നിർദോഷിയാണെന്നു പറഞ്ഞ്‌ റഫർ റിപ്പോർട്ട്‌ കോടതിയിൽ കൊടുത്ത ഉദ്യോഗസ്ഥൻ തന്നെ അതേ കേസിൽ തുടരന്വേണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്‌ നിയമ ചരിത്രത്തിലെ വിചിത്ര സംഭവമാണ്‌. നേരത്തെ നടത്തിയ അന്വേഷണങ്ങൾ ശാസ്‌ത്രീയമായിരുന്നെന്ന്‌ ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ്‌ കോടതിയെ അറിയിച്ചിരുന്നത്‌.

പരസ്‌പര വിരുദ്ധമായ റിപ്പോർട്ടുകൾ കോടതിക്കു നൽകി നിയമ വ്യവസ്ഥയെ അവഹേളിക്കുന്നത്‌ ശരിയാണോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്‌. ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശും അന്വേഷണ ഉദ്യോഗസ്ഥൻ സുകേശനും തമ്മിൽ നടന്ന ഗൂഢാലോചനയുടെ ശബ്‌ദരേഖ പരസ്യമാക്കപ്പെട്ടിട്ടുണ്ട്‌. ഒരു കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിലല്ലാതെ കോടതിയിൽ നേരിട്ട് ആക്ഷേപം നൽകുന്നതു വിസ്‌മയകരമാണ്‌.

വിജിലൻസ്‌ ഡയറക്‌ടർ ജേക്കബ് തോമസ്‌ തുറമുഖ വകുപ്പു ഡയറക്‌ടറായിരിക്കെ നടത്തിയ ചില ക്രമക്കേടുകൾ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ധനമന്ത്രി എന്ന നിലയിൽ പ്രസ്‌തുത റിപ്പോർട്ട്‌ താൻ പരിശോധിച്ച്‌ ധനവകുപ്പിനു മടക്കിക്കൊടുത്തിട്ടുള്ളതാണ്‌. ഇതിൽ ജേക്കബ് തോമസിനു നീരസമുണ്ടാകാം. എന്നാൽ തനിക്ക് അദ്ദേഹത്തോട് ഒരു നീരസവുമില്ല.

കേരളാ കോൺഗ്രസ്‌ അടുത്തകാലത്തു സ്വീകരിച്ച രാഷ്‌ട്രീയ നിലപാടിനോടുള്ള അസഹിഷ്‌ണുതയുടെ ബാക്കിപത്രമാണ്‌ ബാർകോഴക്കേസിൽ സമർപ്പിക്കപ്പെട്ട പുതിയ ഹർജി. എനിക്കതിൽ ഒരു സങ്കോചവുമില്ല. ഈ പശ്ചാത്തലത്തിൽ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ പാഴൂർ പടിപ്പുരയിൽപോയി പ്രശ്‌നം വക്കേണ്ട കാര്യമില്ല. ഗൂഢാലോചനയുടെ ചുരുളുകളെല്ലാം അഴിഞ്ഞ്‌ കാര്യങ്ങൾ വ്യക്തമായിരിക്കുകയാണെന്നും കെ.എം.മാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY