തിരുവനന്തപുരം: കെ.എം. ഷാജി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു നിയമസഭാംഗത്തിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സ്പീക്കര്‍ തീരുമാനമെടുത്തത്.
അഴിമതി നിരോധന നിയമപ്രകാരം ഷാജിക്കെതിരെ കേസെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയത് മാര്‍ച്ച് 13നാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സഭ പിരഞ്ഞ ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം ഷാജിയെയോ മറ്റു സഭാംഗങ്ങളെയോ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1988ലെ അഴിമിതി നിരോധന നിയമത്തിലെ 17 എ വകുപ്പു പ്രകാരമാണ് ഈ അധികാരം വിനിയോഗിച്ചിട്ടുള്ളതെങ്കില് സ്പീക്കര്‍ക്ക് വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. ഇതു തിരുത്തുകയും ഇല്ലാത്ത അധികാരം ഉപയോഗിച്ചു നല്കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.