മോദി മതേതര ആശയങ്ങള്‍ തകര്‍ത്തെറിഞ്ഞെന്ന് കെ.മുരളീധരന്‍.

201

രാജ്യത്തിന്റെ മതേതര ആശയങ്ങള്‍ തകര്‍ത്തെറിഞ്ഞു എന്നതാണ് അഞ്ചു വര്‍ഷത്തെ മോദിയുടെ ഭരണത്തിന്റെ ആകെത്തുകയെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.എല്‍.എ. ഇന്ദിരാ ഭവനിലെ രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ നടന്ന പബ്ലിസിറ്റി കമ്മിറ്റിയും ക്യാമ്പയിന്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗലിക അവകാശങ്ങള്‍ പോലും നിഷേധിച്ച ഏകാധിപതിയായാണ് മോദി. രാജ്യത്തെ ജനങ്ങള്‍ എന്തു കഴിക്കണം, ധരിക്കണം, ചിന്തിക്കണം എന്നിവ തീരുമാനിക്കുന്നത് ആര്‍.എസ്.എസായിമാറി. പ്രധാനമന്ത്രിയുടെ പദവിക്കു യോജിക്കാത്ത പ്രവര്‍ത്തനങ്ങളാണ് മോദിയുടെ ഭാഗത്ത് നിന്നും നിരന്തരമുണ്ടായത്. പൊതു പരിപാടികളില്‍ ജനപ്രതിനിധികളെ അപമാനിച്ചു.

സര്‍ക്കാര്‍ പരിപാടികളില്‍ പോലും രാഷ്ട്രീയ പ്രസംഗമാണ് മോദി നടത്തിയത്. ജി.എസ്.ടിയും നോട്ടു നിരോധനവും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന് ആപത്താണ്. മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും കാശ്മീരിന്റെ പ്രത്യേക പദവിയും എടുത്തുകളയുമെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവല്‍ക്കരിച്ചു. തിരുവനന്തപുരം വിമാനത്താളവും സ്വകാര്യവ്യക്തിക്ക് നല്‍കിയത് അത്തരമൊരു നടപടിയുടെ ഭാഗമാണ്. പിണറായി സര്‍ക്കാര്‍ വിമാനത്താവള ലേലത്തില്‍ പങ്കെടുത്ത് കേന്ദ്ര സര്‍ക്കാരിനെ സ്വകാര്യവല്‍ക്കരണത്തിന് പ്രോത്സാഹിപ്പിച്ചു. മോദിയും പിണറായിയും മുതലാളിമാര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 30 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 26 എണ്ണത്തിലും പ്രതിസ്ഥാനത്ത് സി.പി.എം ആണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനും മോദിയും ഫാസിസ്റ്റ് ശൈലിയുടെ വക്താക്കളാണെന്ന് ശശി തരൂര്‍ എം.പി. ഇരുവരുടേയും പ്രവര്‍ത്തികള്‍ തമ്മില്‍ ഒട്ടേറെ സമാനതകളുണ്ടെന്ന് തരൂര്‍ പറഞ്ഞു. ശബരിമല പ്രശ്‌നം വിശ്വാസത്തിനെതിരേ നടന്ന വെല്ലുവിളിയും ക്രമസമാധാന പ്രശ്‌നവുമാണെന്നും അത് ചര്‍ച്ച ചെയ്യപെടേണ്ട വിഷയമാണെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.സമ്പന്നന്‍മാര്‍ക്കുവേണ്ടി മാത്രമുള്ള ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നടന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എംഹസ്സന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ സണ്ണികുട്ടി എബ്രഹാം, കെ.പി.സി.സി. പ്രസ്സ് സെക്രട്ടറി പി.റ്റി.ചാക്കോ, മോജു മോഹന്‍, രഘുനാഥ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. സമാപന സമ്മേളനം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു.

പബ്ലിസിറ്റി കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പി.എസ് പ്രശാന്ത് സ്വാഗതം പറഞ്ഞു.ശശി തരൂര്‍ എം.പി, എം വിന്‍സെന്റ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, നേതാക്കളായ എന്‍ പീതാംബരക്കുറുപ്പ്, ക്യാമ്പിന്‍ കമ്മിറ്റി കണ്‍വീനര്‍ വി.എസ് ജോയി, മണക്കാട് സുരേഷ്, ആര്‍ വത്സലന്‍, അനില്‍ ആന്റണി,തുടങ്ങിയവര്‍ പ്രസംഗിച്ചു.

NO COMMENTS