പഞ്ചാബ് മുന്‍ ഡിജിപിയുമായ കെപിഎസ് ഗില്‍ അന്തരിച്ചു

173

ഡല്‍ഹി: പത്മശ്രീ ജേതാവും മുന്‍ പഞ്ചാബ് ഡിജിപിയുമായ കെപിഎസ് ഗില്‍ (82) അന്തരിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദം കൊടികുത്തിവാണിരുന്ന കാലത്ത് പഞ്ചാബ് പൊലീസ് സേനയെ മുന്നില്‍നിന്നു നയിച്ച ഗില്ലിനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഓഫീസറായാണ് കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റു കൂടിയായിരുന്നു ഗില്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്ട് മാനേജ്‌മെന്റിന്റെ (ഐസിഎം) സ്ഥാപക പ്രസിഡന്റായിരുന്നു. നേരത്തെ രണ്ടു തവണ പഞ്ചാബിന്റെ ഡിജിപി ആയി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസിലെ മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 1989ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1988 മേയില്‍, സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന സിഖ് ഭീകരരെ അടിച്ചമര്‍ത്താന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ കമാന്‍ഡ് ചെയ്തത് ഗില്‍ ആയിരുന്നു. ഏറെ സങ്കീര്‍ണമായിരുന്ന ആ ഓപ്പറേഷനില്‍ 43 ഭീകരരാണ് കൊല്ലപ്പെട്ടത്.
1988-1990 കാലഘട്ടത്തിലാണ് ഗില്‍ ആദ്യമായി പഞ്ചാബ് പൊലീസ് സേനയുടെ തലപ്പത്ത് എത്തുന്നത്. 1991ല്‍ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പൊലീസ് തലപ്പത്തെത്തി. പഞ്ചാബില്‍ ആഭ്യന്തര സംഘര്‍ഷവും ഭീകരവാദവും നിയന്ത്രണാതീതമായപ്പോഴാണ് ഗില്ലിനെ രണ്ടാമതും പൊലീസ് ചീഫ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 5000 ആളുകളാണ് 1991ല്‍ മാത്രം പഞ്ചാബില്‍ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ ഗില്‍ സ്ഥാനമേറ്റതോടെ ഇതു 500 ആയി കുറഞ്ഞു. 1995 ലാണ് ഗില്‍ ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.

NO COMMENTS

LEAVE A REPLY