കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന്‍ കെഎസ് പ്രസാദിന്‍റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദിലീപും നാദിര്‍ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാലാണ് പ്രസാദിനെ വിളിപ്പിച്ചത്. നേരത്തെ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുമ്ബോള്‍ ലഭിച്ച മൊഴിയിലെ സംഭവങ്ങള്‍ പരിശോധിക്കാനാണ് മൊഴിയെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ വച്ചു ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്ഷയെയും വിളിച്ചിട്ടുണ്ടെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി. നാദിര്‍ഷ,ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി,സുനില്‍ കുമാര്‍ എന്നിവരെ ഒരുമിച്ചു ചോദ്യം ചെയ്യാന്‍ പോലീസ് ആലോചന നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. ക്വട്ടേഷന്‍ കേസ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് പോലീസില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നതായി സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലെ ഫോണ്‍ വിളിക്കേസില്‍ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സുനില്‍ കുമാറും സഹതടവുകാരനും. ഇരുവരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.