തിരുവനന്തപുരം: ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി.യും പണിമുടക്കിന് നോട്ടീസ് നല്‍കി. വ്യാഴാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫും, ബി.എം.എസിന്റെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കെടുക്കും. ജനുവരിയിലെ ശമ്ബളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിലേക്ക് എത്തിച്ചത്. കഴിഞ്ഞമാസം ശമ്ബളം വൈകിയതിനെ തുടര്‍ന്ന് സി.പി.എം. സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ.യും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്. അടുത്തമാസം മുതല്‍ കൃത്യമായി ശമ്ബളം നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് അന്ന് സമരം പിന്‍വലിച്ചത്. കെ.എസ്.ആര്‍.ടി.ഇ.എ.യുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി തോമസ് ഐസക്കും ജനുവരി മാസത്തെ ശമ്ബളം കൃത്യസമയത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്. ജനുവരിയിലെ ശമ്ബളവും ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനുമാണ് നിലവില്‍ കുടിശ്ശികയുള്ളത്. ചൊവ്വാഴ്ചയാണ് ജനുവരിയിലെ ശമ്ബളം നല്‍കേണ്ടിയിരുന്നത്. ഇതിന് 70 കോടി രൂപ വേണം.