തിരുവനന്തപുരം• 89 ദിവസത്തിലധികം മതിയായ കാരണങ്ങളില്ലാതെ ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ കെഎസ്‌ആര്‍ടിസിയില്‍ നിര്‍ദേശം. ഇതിന്‍റെഭാഗമായി 1,200 പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 10,000 രൂപയില്‍ താഴെ വരുമാനമുള്ള മുഴുവന്‍ സര്‍വീസുകളും ജനുവരിയോടെ അവസാനിപ്പിക്കണമെന്നും എംഡി എം.ജി. രാജമാണിക്യം കര്‍ശന നിര്‍ദേശം നല്‍കി. യൂണിറ്റ് ഒാഫിസര്‍മാര്‍ക്ക് 89 ദിവസം വരെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാം. ഈ ആനുകൂല്യം മുതലെടുത്ത് ഓരോ 89 ദിവസം കഴിയുമ്പോഴും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒട്ടേറെപ്പേര്‍ മറ്റു ജോലികള്‍ക്കു പോകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ശമ്പളം കിട്ടിയില്ലെങ്കിലും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല. യൂണിയന്‍റെ കൂടി ഒത്താശയോടെയാണു പലയിടത്തുമിതു നടക്കുന്നത്.
ഇത്തരത്തില്‍ നിരന്തരം അവധിയിലായ 1,200 പേര്‍ക്കാണു കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിനു വൈകിട്ട് അഞ്ചിനു മുമ്പ് നേരിട്ടു ഹാജരായി മതിയായ കാരണം ബോധിപ്പിക്കാത്തവരെ പിരിച്ചുവിടാനാണു നിര്‍ദേശം. യൂണിറ്റ് ഒാഫിസര്‍മാര്‍ക്ക് അനുവദിക്കാവുന്ന അവധി 15 ദിവസമായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ കൂടുതല്‍ വേണ്ടവര്‍ എംഡിയുടെ ഓഫിസില്‍നിന്നു പ്രത്യേക അനുമതി വാങ്ങണം. പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള 40 ശതമാനത്തോളം സര്‍വീസുകളും രണ്ടുമാസത്തിനുള്ളില്‍ ലാഭകരമായ തരത്തില്‍ പുനഃക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ അനുപാതം കുറയ്ക്കാനും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനെയും എല്‍െഎസി പോലെയുള്ള സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.