തിരുവനന്തപുരം : ഗീബല്‍സിന്റെ കേരളാപതിപ്പായി മാറിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും ബി. ജെ. പിയുടെ നേതാക്കള്‍ പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്ബള്ളി സുരേന്ദ്രന്‍ ഒരു നുണ തുടര്‍ച്ചയായി തട്ടിവിട്ടുകൊണ്ടിരിക്കുകയാണ്. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ സത്യമായി മാറുമെന്നു പറഞ്ഞ ഗീബല്‍സിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബി. ജെ. പിയുടെ നേതാക്കള്‍ പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്.
ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന അദ്ദേഹം ഏതു ബി. ജെ. പി നേതാവാണ് അങ്ങനെ പറഞ്ഞതെന്നു പറയാന്‍ തയ്യാറാവണം. ഏതെങ്കിലും പത്രത്തില്‍ അങ്ങനെ ഒരു വാര്‍ത്ത വന്നിട്ടുണ്ടോ? ഇനി അതുപോട്ടെ ഏതെങ്കിലും ഒരു ബി. ജെ. പി നേതാവ് എവിടെയെങ്കിലും അങ്ങനെ പ്രസംഗിച്ചതായി ഒരു വീഡിയോ ക്ളിപ്പിംഗെങ്കിലും താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? നേതാവു പോട്ടെ ബി. ജെ. പിയുടെ ഒരു പ്രാഥമിക അംഗമെങ്കിലും അങ്ങനെ എവിടെയെങ്കിലും സംസാരിച്ചതിനു തെളിവുണ്ടോ? ഈ രീതിയില്‍ എന്തെങ്കിലും ഒരു നോട്ടീസോ ലഘുലേഖയോ താങ്കള്‍ക്കു കാണിച്ചുതരാനാവുമോ?
വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവുമൊക്കെ കുപ്പത്തൊട്ടിയിലെറിഞ്ഞ് താങ്കളിപ്പോള്‍ ഒരു പരമഭക്ത ശിരോമണിയായത് നല്ല കാര്യം തന്നെ. എന്നാല്‍ ഇമ്മാതിരി കള്ളപ്രചാരണം നടത്തുന്നത് ഒരു വിശ്വാസിക്കുചേര്‍ന്ന പണിയല്ല.