തിരുവനന്തപുരം • നാലു നിയമനങ്ങള്‍ നടത്താന്‍ ഇ.പി. ജയരാജന്‍ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. വിജിലന്‍സിനു നല്‍കിയ മൊഴിയിലാണ് സുരേന്ദ്രന്റെ ആരോപണം. ജയരാജന്‍ വ്യവസായമന്ത്രിയായിരിക്കെ, പൊതുമേഖലാ സ്ഥാപനമായ റുട്ട്റോണിക്സില്‍ രണ്ടു എന്‍ജിനീയര്‍മാരെയും രണ്ടു സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചതിനാണു കൈക്കൂലി വാങ്ങിയതെന്നാണ് മൊഴി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ശ്യാംകുമാറാണ് സുരേന്ദ്രന്റെ മൊഴിയെടുത്തത്. വ്യവസായ വകുപ്പില്‍ ഇ.പി. ജയരാജന്‍ നടത്തിയ നിയമനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു സുരേന്ദ്രന്‍ ആരോപിച്ചു. വിജിലന്‍സ് അനുമതി നേടിയ ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്നു ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിനു തെളിവാണ്.നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ പക്കലുള്ള മുഴുവന്‍ ഫയലുകളും പിടിച്ചെടുക്കണമെന്നു സുരേന്ദ്രന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ടി. ഉണ്ണികൃഷ്ണന്‍ കിന്‍ഫ്ര അസി. മാനേജരായി നേരത്തെ ജോലി തരപ്പെടുത്തിയത് വ്യാജരേഖ ഹാജരാക്കിയാണ്. ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. ഇതിന്‍റെ തെളിവും സുരേന്ദ്രന്‍ വിജിലന്‍സിനു കൈമാറി.
കെഎസ്ഡിപി എംഡിയായി നിരവധി ആരോപണങ്ങള്‍ നേരിട്ട കെ.ബി. ജയകുമാറിനെ സിഡ്കോ എംഡിയാക്കിയതിലും അഴിമതിയുണ്ടെന്നു സുരേന്ദ്രന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് എംഡിയായിരുന്ന, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രാമചന്ദ്രന്‍ ഐഎഎസിനെ മാറ്റി വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ രാജീവന്‍ പിള്ളയെ നിയമിച്ചു. വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ മകന്‍റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്സ് അന്‍ഡ് സെറാമിക്സ് എംഡിയായി തുടരാന്‍ അനുവദിച്ചതിലും അഴിമതിയുണ്ടെന്നും സുരേന്ദ്രന്റെ മൊഴിയില്‍ ആരോപിക്കുന്നു.
ആശാപുര ക്ലേ കമ്ബനിയുടെ എംഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എംഡിയാക്കി നിയമിച്ചതിലും അഴിമതിയുണ്ട്. ആശാപുര, ചക്കിട്ടപ്പാറ ഖനനകമ്ബനി പ്രതിനിധികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ഈ നിയമനങ്ങള്‍ നടന്നതെന്നു പറഞ്ഞ സുരേന്ദ്രന്‍, ഇതിന്റെ തെളിവുകളും വിജിലന്‍സിനു കൈമാറി.