മന്ത്രി കെ.ടി.ജലീല്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗമായി തുടരുന്നതിനെച്ചൊല്ലി വിവാദം

180

തേഞ്ഞിപ്പലം • മന്ത്രി കെ.ടി.ജലീല്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗമായി തുടരുന്നതിനെച്ചൊല്ലി വിവാദം. മന്ത്രിക്കു സെനറ്റ് അംഗമാകാമോ എന്ന വിഷയത്തില്‍ സര്‍വകലാശാല നിയമോപദേശം തേടി. ജലീലിനു സെനറ്റ് അംഗത്വമുണ്ടോയെന്നു പരിശോധിക്കാന്‍ നിയമസഭാ സെക്രട്ടറി വാഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.കെ.എന്‍.എ.ഖാദര്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്കു പകരം സെനറ്റിലേക്കു രണ്ട് എംഎല്‍എമാരെ തിരഞ്ഞെടുക്കണമെന്നു വാഴ്സിറ്റിയില്‍നിന്നു നിയമസഭാ സെക്രട്ടറിക്ക് എഴുതിയതിനെ തുടര്‍ന്നാണ് അദ്ദേഹം ജലീലിന്റെ അംഗത്വം സംബന്ധിച്ചു ചോദിച്ചത്.ജലീല്‍ സെനറ്റില്‍ തുടരുന്നതില്‍ തെറ്റില്ലെന്നാണ് അധികൃതരുടെ നിലപാട്. പ്രോ-ചാന്‍സലര്‍ എന്ന നിലയ്ക്ക് വിദ്യാഭ്യാസമന്ത്രി സെനറ്റില്‍ അംഗമാണ്.മന്ത്രി ആയെന്നുവച്ച്‌ ആര്‍ക്കും സെനറ്റ് അംഗത്വം നഷ്ടപ്പെടുകയില്ലെന്നാണു നിയമത്തില്‍ പറയുന്നതെന്നാണു സൂചന. മന്ത്രി എന്ന നിലയ്ക്കുള്ള തിരക്കുകാരണം ജലീലിന് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും കഴിയാറില്ല.മൂന്നു യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ അംഗത്വം നഷ്ടപ്പെടും. മുന്‍പ് എംഎല്‍എ ആയിരിക്കെ യോഗങ്ങളില്‍ പങ്കെടുക്കാനാകാതെ അദ്ദേഹത്തിന് അംഗത്വം നഷ്ടപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ചാണ് സെനറ്റ് അംഗത്വം പുനഃസ്ഥാപിച്ചത്.

NO COMMENTS

LEAVE A REPLY