നെടുമങ്ങാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതുകൊണ്ട് എല്‍ഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും 20 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും വിജയ സാധ്യതയുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഹുലിന്റെ വരവ് ഒരു മഹാസംഭവമാക്കി മാറ്റുന്നത് മാധ്യമങ്ങളാണ്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സമ്ബത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണയോഗം നെടുമങ്ങാട്ടു ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ കാവല്‍ക്കാരനാണ്. മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ ഐക്യം ആവശ്യമാണ്. കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അതിര്‍ത്തി രേഖ നേരിയതാണ്. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും കൂറ് മാറാന്‍ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ മത നിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണം. വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താന്‍ ഇടതുപക്ഷത്തിനെ കഴിയൂ എന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.