കബഡി ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി

220

അഹമ്മദാബാദ് • കബഡി ലോകകപ്പില്‍ ഇന്ത്യയെ ഞെട്ടിച്ച്‌ ദക്ഷിണ കൊറിയ. 32 നെതിരെ 34 പോയിന്‍റുകള്‍ക്കാണ് കൊറിയന്‍ അട്ടിമറി. കളിയുടെ അവസാന ഒന്നര മിനിറ്റ് വരെ മുന്നിട്ടുനിന്ന ശേഷമായിരുന്നു ലോകചാംപ്യന്‍മാരുടെ തോല്‍വി. കബഡിയിലെ മുടിചൂടാമന്നന്‍മാരെന്ന ഇന്ത്യന്‍ ഗര്‍വിനു മേലാണ് ദക്ഷിണകൊറിയ ആനന്ദനൃത്തം ചവിട്ടിയത്. ആദ്യ പകുതിയില്‍ 18-13ന് മുന്നില്‍ നിന്ന ടീം രണ്ടാം പകുതിയിലും മേധാവിത്വം തുടര്‍ന്നപ്പോള്‍ വിജയം ഉറപ്പെന്ന മട്ടില്‍ ആഘോഷിച്ചുകൊണ്ടേയിരുന്നു ഇന്ത്യന്‍ ആരാധകര്‍.വിട്ടുകൊടുക്കാന്‍ മനസ്സില്ലാതിരുന്ന കൊറിയക്കാര്‍ 15-22 എന്ന സ്കോര്‍ കാര്‍ഡില്‍ നിന്ന് 19-24 ലേക്കും 26-29ലേക്കും എത്തിയത് അതിവേഗമാണ്. പിന്നീടായിരുന്നു ജാന്‍ കുന്‍ ലീയുടെ ആ സൂപ്പര്‍ റെയ്ഡ്. ഒപ്പത്തിനൊപ്പമായി എതിരാളികളുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു തൊട്ടതെല്ലാം പിഴച്ചു. അങ്ങനെ അവസാന മിനിറ്റില്‍ വിജയം പിടിച്ചെടുത്ത് അഹമ്മദാബാദില്‍ കൊറിയ പുതുചരിത്രമെഴുതി. തോല്‍വിയെ ഒരു മുന്നറിയിപ്പായി കണ്ടുകൊണ്ടാകും ശേഷിക്കുന്ന മല്‍സരങ്ങളിലേക്കുള്ള ഇന്ത്യന്‍ തയാറെടുപ്പ്.

NO COMMENTS

LEAVE A REPLY