കേരളത്തിലെ ആരോഗ്യമേഖല ലോകത്തിനു തന്നെ മാതൃകയാണെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യ ജാഗ്രത 2019ന്റെ ഭാഗമായുള്ള മഴക്കാല പൂർവ ശൂചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ നടത്തുന്ന യജ്ഞത്തിലൂടെ മഴക്കാലത്തുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യജ്ഞത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളുടെയും സന്നദ്ധ യുവജന സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വെക്റ്റർ കണ്ട്രോൾ യൂണിറ്റ് ജീവനക്കാർ, മാനസികാരോഗ്യ കേന്ദ്രം ജീവനക്കാർ, വർക്കല ശിവഗിരി നഴ്‌സിംഗ് സ്‌കൂൾ വിദ്യാർഥികൾ, കിംസ് നഴ്‌സിംഗ് സ്‌കൂൾ വിദ്യാർഥികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മാലിന്യ സംസ്‌കരണവും കൊതുക് നിവാരണവുമാണ് പ്രധാനമായും യജ്ഞത്തിലൂടെ നടപ്പാക്കുന്നത്.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, പേരൂർക്കട വാർഡ് കൗൺസിലർ പി.എസ്.അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. പി പ്രീത, പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണ യജ്ഞം ഇന്ന് (മേയ് 12) അവസാനിക്കും.