കാസര്‍കോട്: അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കി കാസര്‍ഗോഡ് ചീമേനിയിലെ നിര്‍ദ്ദിഷ്ട 400 കെ.വി.സബ്‌സ്റ്റേഷന്‍ പദ്ധതി മുടക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കാസര്‍ഗോട്ടെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള പദ്ധതിക്ക്, പണമല്ല ചിലരുടെ എതിര്‍പ്പാണ് തടസമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏറെക്കാലമായി നേരിടുന്ന കാസര്‍ഗോട്ടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗം ചീമേനിയിലെ നിര്‍ദ്ദിഷ്ട 400 കെ.വി സബ്‌സ്റ്റേഷനാണെന്ന് മന്ത്രി പറഞ്ഞു.
രണ്ടായിരത്തി അമ്പതുകോടിയുടെ വന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പണം നീക്കിവച്ചിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കിട്ടാനുള്ള നടപടികളും മുന്നോട്ട് പോകുന്നു.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളത്.ഇതിനെല്ലാം പൊതുജനങ്ങളുടെ സഹകരണവുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോട്ടെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാല്‍ ജില്ലക്കൊരു ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.