തിരുവനന്തപുരം• മൂന്നു വര്‍ഷം കൊണ്ട് 908 മെഗാവാട്ട് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനു പുറമെ 200 മെഗാവാട്ട് സൗരോര്‍ജം വാങ്ങാന്‍ കരാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ജലസംഭരണികളില്‍ ജലനിരപ്പു കുറവാണെന്നതു കണക്കിലെടുത്തു വേനല്‍ക്കാലത്തേക്കു 150 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്നു വാങ്ങാനുള്ള ശ്രമത്തിലാണ്. ലോഡ് ഷെഡിങും പവര്‍കട്ടും ഉണ്ടാവില്ല. വൈദ്യുതി നിലയങ്ങളിലെ ഉല്‍പ്പാദനത്തിന്റെ 85% അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്ന കേന്ദ്രനയം കേരളത്തെ ബാധിക്കും. കേരളത്തിന്റെ ആവശ്യത്തിനുള്ള വൈദ്യുതിയില്‍ പകുതിയും അന്യ സംസ്ഥാനങ്ങളിലെ നിലയങ്ങളില്‍ നിന്നാണു വാങ്ങുന്നത്.
സംസ്ഥാനത്തു തന്നെ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ഇതിനു പരിഹാരം. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40 മെഗാവാട്ട്) എന്നിവ മൂന്നു വര്‍ഷത്തിനകം കമ്മിഷന്‍ ചെയ്യും. 14 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി 149 മെഗാവാട്ട് അധികോല്‍പ്പാദനം സാധിക്കും. നിര്‍മാണം ആരംഭിച്ച അഞ്ചു പദ്ധതികള്‍ പൂര്‍ത്തിയാക്കി 59 മെഗാവാട്ട് ശേഷി കൂട്ടിച്ചേര്‍ക്കും. കാസര്‍കോട്ട് 200 മെഗാവാട്ട് ശേഷിയുള്ള സോളര്‍ പാര്‍ക്കിന്റെ പണി പുരോഗമിക്കുകയാണ്. ജനുവരിയില്‍ 50 മെഗാവാട്ട് ഉല്‍പാദനം തുടങ്ങാന്‍ കഴിയും. കാസര്‍കോട്ട് 200 മെഗവാട്ടിന്റെ മറ്റൊരു സോളര്‍ പാര്‍ക് കൂടി സ്ഥാപിക്കും. ഇതിന് ആയിരം ഏക്കര്‍ വേണം. സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലങ്ങളില്‍ വികേന്ദ്രീകൃത സോളര്‍ നിലയങ്ങള്‍ സ്ഥാപിച്ചു 100 മെഗാവാട്ട് കൂടി ഉല്‍പാദിപ്പിക്കും. പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും.
അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു പുതിയ 400 കെവി സബ്സ്റ്റേഷനുകളും ഇരുപത്തിനാല് 220 കെവി സബ്സ്റ്റേഷനുകളും സ്ഥാപിക്കും. ഉയര്‍ന്ന വോള്‍ട്ട് എല്ലായിടത്തും ലഭ്യമാക്കാന്‍ കിഫ്ബിയുടെ സഹായത്തോടെ ട്രാന്‍സ്ഗ്രിഡ്-2 പദ്ധതി നടപ്പാക്കും. ഊര്‍ജ സംരക്ഷണത്തിനായി ഒരു കോടി എല്‍ഇഡി ബള്‍ബുകള്‍ കിഫ്ബിയുടെ സാമ്ബത്തിക സഹായത്തോടെ വിതരണം ചെയ്യുമെന്നും കടകംപള്ളി പറഞ്ഞു.