തിരുവനന്തപുരം: കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഭക്ഷണ സാധനങ്ങള്‍, തെര്‍മോകോള്‍ പാത്രങ്ങള്‍, മിനറല്‍ വാട്ടര്‍ കുപ്പികള്‍ തുടങ്ങിയവ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ കൊണ്ടുവരികയോ, വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ കുടിവെള്ളം സ്റ്റീല്‍ ഗ്ലാസുകളില്‍ നല്‍കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ എന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി . സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്രതീരങ്ങളില്‍ ലൈഫ്ഗാര്‍ഡുമാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സേവനം ഉറപ്പ് വരുത്തും. അപകടമേഖലകളില്‍ വടം കെട്ടി തിരിക്കും. രൂക്ഷമായ കടലാക്രമണത്തില്‍ തീരം നഷ്ടമായ ശംഖുമുഖത്ത് ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ശംഖുമുഖം, വര്‍ക്കല, ആലുവ, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍കരുതല്‍ വേണം. ബലിതര്‍പ്പണ ദിവസം പുലര്‍ച്ചെ തന്നെ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ബലിതര്‍പ്പണകേന്ദ്രങ്ങളിലേക്ക് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.