കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത്

175

കൊല്ലം • വിവിധ കേസുകളില്‍ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കത്ത് അയച്ചു.അസാധാരണമായ നടപടിയായതിനാല്‍ സ്പീക്കറുടെ ഓഫിസില്‍ നിന്നു നിയമവിദഗ്ധരുടെ ഉപദേശം തേടി. രണ്ടാഴ്ച മുന്‍പാണു കോടതിയില്‍ നിന്നു കത്തു ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളില്‍ പങ്കെടുത്ത കടകംപള്ളിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അദ്ദേഹത്തോടു ഹാജരാകാന്‍ പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു.കടകംപള്ളി മന്ത്രിയായശേഷവും നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി കോടതിയില്‍ ഹാജരായില്ല. ഇതു കണക്കിലെടുത്താണ് അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു കോടതി സ്പീക്കര്‍ക്കു കത്ത് അയച്ചത്.എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുമ്ബോള്‍ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫിസിനു പ്രാഥമിക നിയമോപദേശം ലഭിച്ചിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണെങ്കില്‍ ചീഫ് സെക്രട്ടറി വഴി അക്കാര്യം സ്പീക്കറെ അറിയിക്കണം. പ്രധാനകവാടത്തിനു പുറത്തു 16 മീറ്റര്‍ അകലെ നിന്നു നിയമസഭാ മന്ദിരത്തിന്റെ പിന്‍ഭാഗംവരെയുള്ള ഒരിടത്തുനിന്നും അറസ്റ്റ് പാടില്ല.പ്രധാനകവാടത്തിന്റെ വലതുഭാഗത്തെ വികാസ് ഭവന്‍ കവാടത്തില്‍ നിന്ന് ആറുമീറ്റര്‍ മുന്നോട്ടുള്ള ഭാഗത്തും അറസ്റ്റ് അനുവദിക്കില്ലെന്നാണു നിയമസഭാ ചട്ടം. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് പാടില്ലെന്നും ചട്ടത്തില്‍ പറയുന്നു. സിവില്‍ കേസ് ആണെങ്കില്‍ സഭാ സമ്മേളനം നടക്കുന്ന സമയത്തും സമ്മേളനം തീര്‍ന്നു 40 ദിവസത്തിനുള്ളിലും അറസ്റ്റ് പാടില്ല.ക്രിമിനല്‍ കേസില്‍ ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്താല്‍ അക്കാര്യം കോടതി രേഖാമൂലം സ്പീക്കറെ അറിയിക്കണമെന്നാണു നിയമസഭാചട്ടം 161 അനുശാസിക്കുന്നത്. സമ്മേളനം നടക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും ഇതു ബാധകമാണ്. കോടതിക്ക് എന്തു മറുപടി നല്‍കണമെന്നതില്‍ ഇന്നലെ രാത്രിയിലും സ്പീക്കറുടെ ഓഫിസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

NO COMMENTS

LEAVE A REPLY