തിരുവനന്തപുരം : ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.വിശ്വാസികളെ സംരക്ഷിക്കുക എന്ന ചുമതല . രണ്ട് യുവതികള്‍ പൊലീസ് സുരക്ഷയില്‍ നടപന്തലിലേക്ക് എത്തിയതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. ജാഗ്രത പാലിക്കണം, പ്രശ്നങ്ങള്‍ വഷളാക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കരുത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കുവാനുള്ള വേദിയായി ശബരിമലയെ മാറ്റരുത് എന്നും ദേവസ്വം മന്ത്രി പറഞ്ഞു. പൊലീസ് സുരക്ഷയില്‍ വലിയ നടപന്തലില്‍ വലിയ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്നുമുണ്ടായത്. തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്. ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഐജി ശ്രീജിത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.