മാര്‍ച്ചോടെ കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

213

തിരുവനന്തപുരം:മാര്‍ച്ചോടെ കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച്‌ നടപ്പാക്കും. ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് 1.15 ലക്ഷം വീടുകളാണ് വൈദ്യുതീകരിക്കാനുള്ളത്. ഇതില്‍ 85,000 പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. 60,000 വീടുകളില്‍ വയറിങ് പൂര്‍ത്തിയാക്കണം. വൈദ്യുതിക്ഷാമം പരിഹരിക്കാനായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.60 മെഗാവാട്ടിന്‍റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയും 40 മെഗാവാട്ടിന്‍റെ തോട്ടിയാര്‍ പദ്ധതിയും മൂന്നുമാസത്തിനകം പുനഃരാംരംഭിച്ച്‌ മൂന്നു വര്‍ഷത്തിനകം കമ്മിഷന്‍ ചെയ്യും. 149 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള 14 ചെറുകിട പദ്ധതികള്‍ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വൈദ്യുതിവിഹിതത്തില്‍ മൂന്നു വര്‍ഷത്തിനകം 300 മെഗാവാട്ട് വര്‍ധിപ്പിക്കാനാകുമെന്നാണു കരുതുന്നത്. വൈദ്യുതി കണക്ഷനുള്ള അപേക്ഷ ലഘൂകരിക്കാന്‍ റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പേജുകളുള്ള അപേക്ഷ പൂരിപ്പിക്കുന്നത് ഏറെ ക്ലേശകരമാണ്. ഇതു രണ്ട് പേജാക്കി ചുരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇനിമുതല്‍ അപേക്ഷകന്‍റെ തിരിച്ചറിയല്‍ കാര്‍ഡും ഉമടസ്ഥാവകാശരേഖയും മാത്രം അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതി. നൂറു ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടുകള്‍ക്ക് ഇനി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. അപേക്ഷ നല്‍കി 30 ദിവസത്തിനകം കണക്ഷന്‍ നല്‍കണമെന്ന നിലവിലെ നിബന്ധന മാറ്റി രണ്ട് പ്രവൃത്തി ദിവസത്തിനകം നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റ് വേണ്ടിടത്ത് ഏഴു ദിവസത്തിനകവും പ്രത്യേക ലൈന്‍ വലിക്കേണ്ടിടത്ത് 15 ദിവസത്തിനകവും കണക്ഷന്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY