നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ

191

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് സഹകരണ ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന നവോത്ഥാന സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ മഹത്തായ പാരമ്പര്യം അടിസ്ഥാനപ്പെടുത്തിയാണ് വനിതാ മതിൽ സൃഷ്ടിക്കാനുള്ള പ്രവർത്തനം നടക്കുന്നത്. നാടിനെ പിന്നോട്ടു വലിക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ല. വനിതാ മതിൽ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ജില്ലയിൽ മൂന്ന് ലക്ഷത്തോളം വനിതകൾ മതിലിൽ അണിചേരും. വനിതാ മതിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് പതിനായിരം വിദ്യാർത്ഥികൾ മുന്നോട്ടു വന്നിട്ടുണ്ട്.

രാഷ്ട്രീയമായ കാരണങ്ങളാൽ വനിതാ മതിൽ പ്രഖ്യാപിച്ചപ്പോൾ മുതൽ വിവിധ രൂപത്തിലുള്ള എതിർപ്പുകളും ആക്ഷേപങ്ങളും ഉയരുന്നുണ്ട്. സർക്കാരിന്റെ അധികാരം ഉപയോഗിച്ചും നിർബന്ധിച്ചും വനിതാ മതിൽ ഒരുക്കാൻ ശ്രമിക്കുന്നുവെന്നാണ് ഒരു ആക്ഷേപം. എന്നാൽ അങ്ങനെയുണ്ടായിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനമല്ല വനിതാ മതിൽ മുന്നോട്ടു വയ്ക്കുന്ന ആശയം. വനിതാ മതിൽ വലിയ വിജയമാകുമെന്നതിൽ സംശയമില്ല. സർക്കാരിന്റെ യാതൊരു വിധ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നില്ല. വനിതാ മതിലിൽ അണിനിരക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട വനിതകളെ ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു.

നവോത്ഥാന നായകരുടെ കാലടിപ്പാടുകൾ പിന്തുടരുന്ന സർക്കാരാണിത്. നവോത്ഥാനത്തിന് തുടർച്ചയുണ്ടാവണമെന്നാണ് സർക്കാർ കരുതുന്നത്. യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും വനിതാ മതിലിൽ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി പറഞ്ഞു. വനിതാ മതിൽ വിജയിപ്പിക്കാനായി സ്വീകരിച്ച നടപടികൾ വിവിധ സംഘടനകളുടെ നേതാക്കൾ യോഗത്തിൽ വിശദീകരിച്ചു. ജില്ലയിലെ ഓരോ മേഖലയിൽ നിന്നും പങ്കെടുക്കുന്ന വനിതകൾ അണിനിരക്കേണ്ട സ്ഥലങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ സ്ത്രീകളെ എത്തിക്കുന്നതിന് വേണ്ട വാഹനങ്ങൾ ഏർപ്പെടുത്തി. വാഹനക്കുരുക്ക് ഒഴിവാക്കാൻ വേണ്ട ക്രമീകരണവും സ്വീകരിച്ചിട്ടുണ്ട്. വിവിധ സംഘടനങ്ങളുടെ വനിതാ യൂണിറ്റുകൾ യോഗം ചേർന്ന് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത വിശദീകരിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. വനിതാ മതിൽ രൂപീകരണവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ നടത്തിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കൾ വിശദീകരിച്ചു. മതിൽ തീർത്ത ശേഷം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിന് വനിതകളെ ചുമതലപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു.

NO COMMENTS