തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സൃഹൃത്തുക്കളും സഹായികളുമായി ആറു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ചാലക്കുടി കോടതിയുടെ ഉത്തരവ്. കലാഭവന്‍ മണിയൂടെ മരണം ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയില്‍ ചാലക്കുടി ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ബേബി എന്നിവര്‍ക്കൊപ്പം കൂട്ടുകാരായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുക. ആറു പേരെയും വിളിച്ച് സമ്മതം വാങ്ങിയതിന് ശേഷമാണ് നുണ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്.
മണിയുടെ ആന്തരീകാവയവങ്ങള്‍ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ക്ളോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്‍റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മണിയുടെ മരണത്തില്‍ അടുത്തുണ്ടായിരുന്ന സുഹൃത്തുക്കളെയും അടുപ്പക്കാരെയും സഹോദരന്‍ രാമകൃഷ്ണന്‍ സംശയിച്ചിരുന്നു. ഇക്കാര്യത്തില്‍ പരാതി ഉന്നയിക്കുകയും ചെയ്തെങ്കിലും അസ്വാഭാവികമായ ഒരു സാഹചര്യവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധന വേണമെന്ന ഘട്ടത്തിലേക്ക് പോലീസ് എത്തിയത്. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്.