കലാമണ്ഡലം ഹൈദരാലി ; യാഥാസ്ഥിതികതയുടെ അകത്തളങ്ങളിൽ നിന്നും കഥകളി സംഗീതത്തെ പുറത്തേക്കു കൊണ്ടുവന്ന മഹാപ്രതിഭ

667

ദൃശ്യ, ശ്രവ്യ കലയായ കഥകളിയുടെ ശ്രവ്യസുഖത്തിനു് ഒരു പ്രത്യേകസ്ഥാനം നൽകാൻ ശ്രമിച്ച, അതിനു സാധിച്ച ഒരുത്തമ കലാകാരൻ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, വെണ്മണി ഹരിദാസ് തുടങ്ങിയ സമാനഹൃദയരോടൊപ്പം കഥകളിസംഗീതത്തിനു് തനതായ ഒരു മുഖം നൽകാനും കഥകളിയിൽ നിന്നു വേറിട്ടു് കഥകളിസംഗീതത്തിനെ പ്രത്യേകമായി അനുവാചകരിലെത്തിക്കുവാനും കഴിഞ്ഞ ഒരു ജനകീയകലാകാരൻ. അറുപതുകളുടെ അവസാനത്തോടെ കളിയരങ്ങില്‍ സജീവസാന്നിദ്ധ്യമായിത്തുടങ്ങിയ ഹൈദരാലി മൂന്നര പതിറ്റാണ്ടിലെറെ തന്റെ കലാമണ്ഡലത്തിൽ ജ്വലിച്ചു നിന്നു. അതിനായി ആ സൗമ്യനായ മനുഷ്യന്‍ പിന്നിട്ട കനല്‍വഴികളും നേരിട്ട എതിർപ്പുകളും ഒട്ടനവധിയാണു്.

സ്വന്തം സ്വരദീപ്തി കൊണ്ടു് കഥകളിസംഗീതത്തെ ആകര്‍ഷണീയവും ഹൃദ്യവുമായി ആസ്വാദക ഹൃദയങ്ങളില്‍ എത്തിച്ച ഈ കലാകാരൻ 1946 ഒക്ടോബര്‍ 6-നു് ശ്രീ മൊയ്തൂട്ടിയുടേയും ശ്രീമതി ഫാത്തിമായുടേയും മകനായി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള ഓട്ടുപാറ എന്ന ഗ്രാമത്തിൽ ജനിച്ചു. സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണുണ്ടായിരുന്നതു്. ഉപജീവനത്തിനു് കുട്ടനെയ്ത്തു തൊഴിലാക്കിയിരുന്ന ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവു്. എങ്കിലും ഒഴിവുസമയത്തു് മാപ്പിളപ്പാട്ടുകളും പ്രാദേശികനാടകങ്ങളിലെ പാട്ടുകളുമൊക്കെ പാടിയിരുന്നു. ശ്രീ ഹൈദരാലിയുടെ സംഗീതവാസന തന്റെ പിതാവിൽ നിന്നു് പാരമ്പര്യമായി ലഭിച്ചതായിരുന്നിരിക്കണം. അഞ്ചാം വയസ്സിൽ അദ്ദേഹത്തിനു് തന്റെ അച്ഛനെ നഷ്ടപ്പെട്ടു.  തന്റെ പതിനൊന്നാം വയസ്സിൽ കലാമണ്ഡലത്തില്‍ കഥകളിസംഗീതവിദ്യാർത്ഥിയായി ചേര്‍ന്നു. സാമ്പത്തികമായി അതിനദ്ദേഹത്തെ സഹായിച്ചതു് വടക്കാഞ്ചേരി നിവാസിയായിരുന്ന സി.പി. ആന്റണി എന്ന ഒരു സുമനസ്സായിരുന്നു. അതിനു മുമ്പു തന്നെ വടക്കാഞ്ചേരി നിവാസികൾ സംഗീതമത്സരങ്ങളിലൊക്കെ പങ്കെടുത്തു ജയിച്ചിരുന്ന കുഞ്ഞുഹൈദരാലിയുടെ സംഗീതവാസനയെപ്പറ്റി അറിഞ്ഞിരുന്നു.

കലാമണ്ഡലത്തില്‍ കഥകളിസംഗീതവിദ്യാർത്ഥിയായി ചേർന്നെങ്കിലും അവിടെ താൻ സംഗീതമാണു് അഭ്യസിക്കാൻ പോകുന്നതു് എന്നതിനപ്പുറം സംസ്കൃതപദാവലികൾ നിറഞ്ഞ കഥകളിപ്പദങ്ങൾ പഠിക്കേണ്ടിവരുമെന്നോ കഥകളിയെപ്പറ്റിത്തന്നെയോ വലിയ അറിവൊന്നും ഹൈദരാലിക്കു് ഉണ്ടായിരുന്നില്ല. ഒരു ക്ഷേത്രകല എന്നു മാ‍ത്രം പരിഗണിക്കപ്പെട്ടിരുന്ന കഥകളിസംഗീതത്തിലേക്കു് ഒരു മുസ്ലീംമതസ്ഥനായ ഹൈദരാലി ഇറങ്ങിച്ചെല്ലുന്നതിനു് അന്നത്തെ ഒരു സാമൂഹ്യ, സാമുദായിക സാഹചര്യമനുസരിച്ചു് ഒരുപാടു് എതിർപ്പുകളെ അതിജീവിക്കേണ്ടി വരികയും ചെയ്തിരുന്നു. പക്ഷെ തളരാത്ത ഇച്ഛാശക്തികൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ദേഹം അത്തരം പ്രതിസന്ധികളെയൊക്കെ തരണം ചെയ്തു. 1957 മുതല്‍ 65 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ച ഹൈദരാലി കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ഗംഗാധരന്‍, കാവുങ്കൽ മാധവപ്പണിക്കർ തുടങ്ങിയ ഗുരുക്കന്മാരുടെ അരുമശിഷ്യനായിരുന്നു. 1960ൽ അദ്ദേഹം തന്റെ അരങ്ങേറ്റം നടത്തിയെങ്കിലും അഹിന്ദുവായതിന്റെ പേരില്‍ അവസരങ്ങൾ വളരെക്കുറവു മാത്രമാണു് അദ്ദേഹത്തിനു തുടക്കത്തില്‍ ലഭിച്ചിരുന്നതു്.

കൂടെയുള്ള വിദ്യാർത്ഥികൾ കലാമണ്ഡലം കഥകളി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ഒരു മുസ്ലീമായിപ്പോയി എന്ന കാരണത്താൽ അതിനാകാതെ താൻ മാത്രം കലാമണ്ഡലത്തിൽ ഒറ്റയ്ക്കു കഴിഞ്ഞതിന്റെ ഓർമ്മകൾ എന്നും ഒരു ദുഃഖമായിരുന്നു അദ്ദേഹത്തിനു്. എങ്കിലും തന്റെ സംഗീതബോധത്തിൽ ആത്മവിശ്വാസം പുലർത്തിയ ഹൈദരാലി ഹിന്ദു-മുസ്ലീം യാഥാസ്ഥിതികസമൂഹത്തിൽ നിന്നും നേരിട്ട വെല്ലുവിളികളെയൊക്കെ അവഗണിച്ചു് ക്രമേണ കഥകളിസംഗീതമണ്ഡലത്തില്‍ തന്റേതായ ഒരു സ്ഥാനവും തനതായ ഒരു ശൈലിയും കെട്ടിപ്പെടുത്തു. അങ്ങനെ യാഥാസ്ഥിതികരെ നിശ്ശബ്ദനാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.  ഒരമ്പലത്തിൽ ഹൈദരാലിയുടെ പിൻപാട്ടുള്ള ഒരു കഥകളി നടത്താനായി ക്ഷേത്രമതില്‍ക്കെട്ടു് പൊളിച്ചു് പകുതി സ്റ്റേജ്‌ മതില്‍ക്കെട്ടിനകത്തും ഹൈദരാലിയ്ക്ക്‌ നില്‍ക്കാനുള്ള സ്ഥലം മതില്‍ക്കെട്ടിനു പുറത്തും നിര്‍മ്മിച്ച അനുഭവം വരെ ഉണ്ടായി . ഹൈദരാലിയുടെ സംഗീതം ഒഴിവാക്കുന്നതിനു പകരം കഥകളി അമ്പലമതില്‍ക്കെട്ടിനു പുറത്തു വെച്ചു നടത്തപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുവാന്‍ അദ്ദേഹത്തിന്റെ സംഗീതത്തിനു സാധിച്ചു എന്നും പറയണം. അതായിരുന്നു അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ശക്തി. അറുപതുകളുടെ അവസാനത്തോടെ കളിയരങ്ങില്‍ സജീവസാന്നിധ്യമായി മാറിയ ഹൈദരാലിക്കു് പിന്നെ ഉയർച്ചകളായിരുന്നു.

കഥകളി സംഗീതം കൂടാ‍തെ കർണ്ണാടക സംഗീതവും അദ്ദേഹം ശാസ്ത്രീയമായി അഭ്യസിച്ചു. കൂടാതെ ഹിന്ദുസ്ഥാനിസംഗീതശാഖ മുതല്‍ ഇങ്ങേയറ്റം ചലച്ചിത്രഗാന, ലളിതഗാനശാഖവരെ ഭാരതീയമായ വിവിധ സംഗീതശാഖകളെ ഉള്‍ക്കൊള്ളാനും ഹൈദരാലി ശ്രമിച്ചിരുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങള്‍ക്കും അദ്ദേഹം സംഗീതം ആലപിച്ചിട്ടുണ്ടു്. മോഹിനിയാട്ടം, ഭരതനാട്യം ശൈലിയിൽ ചില വർണ്ണങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. കൂടാതെ കർണ്ണാടകസംഗീതത്തിൽ ചില കൃതികളും രചിച്ചിട്ടുണ്ടു്. സ്വദേശത്തും വിദേശത്തും കഥകളി സംഗീതം അവതരിപ്പിച്ചു. ശൃംഗാരരസം തുളുമ്പുന്നതോ, ഭക്തിരസം നിറഞ്ഞതോ, താരാട്ടുപാടുശൈലിയിലുള്ളതോ, ദ്രുതമായ ആലാപനം നിറഞ്ഞതോ അങ്ങനെ വിവിധങ്ങളായ ഭാവങ്ങളിൽ ഉള്ള ആലാപനത്തിനു് ഒരു പോലെ പ്രഗൽഭനായിരുന്നു അദ്ദേഹം. ആലാപനത്തിൽ ഭാവസാന്ദ്രതയ്ക്കാവശ്യമെങ്കിൽ ഗമകങ്ങൾ ഉപയോഗിക്കാനും ഹിന്ദുസ്ഥാനിശൈലി ഉപയോഗിക്കാൻ പോലും അദ്ദേഹം മടിച്ചിരുന്നില്ല.

ഭക്തി പ്രധാനമാണെങ്കിലും, ഭാവ പ്രധാനമാണെങ്കിലും, ആട്ടപ്രധാനമാണെങ്കിലും, പതിഞ്ഞ താ‍ളത്തിലുള്ളതാണെങ്കിലും, ദ്രുതതാളത്തിൽ ഉള്ളതാണെങ്കിലും ഇതെല്ലാം ഹൈദരാലി ഒരുപോലെ അനായാസമായി വേദികളിൽ പാടി ഫലിപ്പിച്ചിരുന്നു. ശ്രീ ഹൈദരാലി രംഗം, അയോദ്ധ്യ എന്നീ ചലച്ചിത്രങ്ങളിൽ ഗാനാലാപനം നടത്തിയിട്ടുണ്ടു്. കഥകളിസംഗീതത്തിലും കര്‍ണ്ണാടക സംഗീതത്തിലും ചില പരീക്ഷണങ്ങള്‍ നടത്തി നോക്കിയിരുന്നെങ്കിലും ഒരു കഥകളി സംഗീതജ്ഞനായി അറിയപ്പെടുവാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നതു്. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ തില്ലാനയും വര്‍ണ്ണവും ശ്രീ ബാലഭാസ്കറുമായി ചേര്‍ന്നുനടത്തിയ ‘ദി ബിഗ്ബാന്‍ഡ്’ എന്ന ഒരു ഫ്യൂഷൻ സംഗീത പരിപാടിയില്‍ അദ്ദേഹം തന്നെ അവതരിപ്പിച്ചിട്ടുണ്ടു്. ഇതിനൊക്കെപ്പുറമെ, അദ്ദേഹം ഒരു നല്ല ചിത്രകാരനും പെയിന്ററും കൂടിയായിരുന്നു

ശ്രീമതി ഹഫ്‌സയാണു് ഭാര്യ. മക്കൾ: ഹാരീഷ്‌, ഹസിത.

2002-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയിൽ ഏങ്കക്കാട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നതു്. പിന്നീടു് മരിക്കുവോളം കലാമണ്ഡലത്തിൽ വിസിറ്റിങ്ങ്‌ പ്രൊഫസറായിരുന്നു. 2006 ജനുവരി 5-നു് തന്റെ അൻപത്തിഒമ്പതാമത്തെ വയസ്സിൽ തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വച്ചുണ്ടായ ഒരു വാഹനാപകടം ഈ അതുല്യ പ്രതിഭയുടെ ജീവൻ അപഹരിച്ചു. സാമൂഹ്യവും ജാതീയവുമാ‍യ ചങ്ങലകളെ തകർത്തു്, സങ്കുചിതമായ ജാതി, മതചിന്തകളുടെ മതില്‍ക്കെട്ടിനുള്ളിൽ നിന്നും യാഥാസ്ഥിതികതയുടെ അകത്തളങ്ങളിൽ നിന്നും കഥകളി സംഗീതത്തെ പുറത്തേക്കു കൊണ്ടുവന്ന ഒരു മഹാപ്രതിഭയായിരുന്നു കലാമണ്ഡലം ഹൈദരാലി.

PRO കൊട്ടാരക്കര ഷാ

NO COMMENTS