കളമശ്ശേരി സ്‌ഫോടനം ; മരണസംഖ്യ 3 ; ചികിത്സയിലായിരുന്ന 12-കാരിയും മരിച്ചു .

73

കൊച്ചി : കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ബോംബ്‌ സ്‌ഫോടനത്തിൽ കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. 2500ലേറെപ്പേർ പങ്കെടുത്ത കൺവൻഷൻ സെന്ററിലെ പ്രാർഥനയ്‌ക്കിടെ രണ്ട് ബോംബ് മൂന്നുതവണ പൊട്ടിത്തെറിച്ചു. എറണാകുളം മല യാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ്‌ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്‌പൻ(53) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ലിബിനയ്‌ക്ക്‌ 95 ശതമാനം പൊള്ളലേറ്റിരുന്നു.

പൊള്ളലേറ്റ 33 പേരിൽ നാലുപേരുടെ നില ഗുരുതരമാണ്‌. ഇവരുൾപ്പെടെ 51 പേരെ പരിക്കുകളോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചത്‌. കസേരയുടെ അടിയിലാണ്‌ ഇത്‌ വച്ചിരുന്നതെന്നാണ്‌ അനുമാനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ചിലവന്നൂർ സ്വദേശി ഡൊമിനിക്‌ മാർട്ടിൻ (57) തൃശൂർ കൊടകര പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങി. ഇയാളെ ചോദ്യംചെയ്തുവരുന്നു. യുഎപിഎ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

കളമശേരി മണലിമുക്ക്‌ റോഡിലെ സാമ്ര കൺവൻഷൻ സെന്ററിൽ ഞായർ രാവിലെ 9.40നായിരുന്നു കേരളത്തെ നടുക്കിയ സ്‌ഫോടനം. മൂന്നുദിവസത്തെ പ്രാർത്ഥനായോഗം സമാപിക്കുന്ന ദിവസമായിരുന്നു. രാവിലെ 9.20ന്‌ പ്രാർഥന തുടങ്ങി. പിന്നാലെ ഹാളിന്റെ മധ്യത്തിൽ ഉഗ്രശബ്‌ദത്തിൽ ആദ്യ പൊട്ടിത്തെറി. തുടർന്ന്‌ രണ്ടു സ്‌ഫോടനങ്ങൾ കൂടി. ഹാളിൽ തീയും പുകയും നിറഞ്ഞു. പരിഭ്രാന്തരായി പുറത്തേക്ക്‌ ഓടുന്നതിനിടെ വീണും കൂട്ടിയിടിച്ചും പലർക്കും പരിക്കേറ്റു. പൊലീസും നാല്‌ യൂണിറ്റ്‌ അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി. മന്ത്രിമാർ നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിനും ചികിത്സാ സൗകര്യമൊരുക്കാനും നേതൃത്വം നൽകി.

അന്വേഷണം പുരോഗമിക്കവെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പകൽ ഒന്നരയോടെ ഡൊമിനിക്‌ മാർട്ടിൻ കീഴടങ്ങിയത്.കുമാരിയും കുടുംബവും കാളിയാർ കോയാംപടിയിൽ ഒരപ്പനാൽ സന്തോഷിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭർത്താവ്: പരേതനായ പുഷ്പൻ. മക്കൾ: ശ്രീരാഗ്, ശ്രീരാജ്. മരുമകൾ: ദിവ്യ. മരിച്ച ലിയോണയുടെ ഭർത്താവ്‌: പൗലോസ്‌. മകൻ: ബാബു.

NO COMMENTS

LEAVE A REPLY