മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കൽ സംഘം

215

കൊച്ചി∙ കലാഭവൻ മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കൽ സംഘം. രാസപരിശോധനയിൽ മരണകാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. കേന്ദ്രലാബിൽ നടത്തിയ പരിശോധനയിലാണ് 45 മില്ലിഗ്രാം മെഥനോൾ കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തളളുകയും ചെയ്തിരുന്നു. എന്നാൽ, വിഷമദ്യത്തിൽ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കൊച്ചി സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണു കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാടി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മദ്യസൽക്കാരത്തിൽ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സിബിഐക്കു വിട്ടിരുന്നു. മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണിത്.
manorama online

NO COMMENTS

LEAVE A REPLY