കമല്‍ സ്വരൂപിന്റെ ആശയവും ജീവിതവും, ബിനാലെ സിനിമ പാക്കേജ്

253

കൊച്ചി: ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന വരാണസിയെക്കുറിച്ചുള്ള ‘ബാറ്റില്‍ ഫോര്‍ ബനാറസി’ന്റെ ആദ്യ പൊതുപ്രദര്‍ശനം കൊച്ചി-ബിനാലെയില്‍ നടക്കും. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഭാഗമായി നടക്കുന്ന ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് കമല്‍ സ്വരൂപിന്റെ സൃഷ്ടികള്‍ പാക്കേജായി അവതരിപ്പിക്കുന്നത്. സിനിമ ചരിത്രകാരനായ ആശിഷ് രാജ്യാധ്യക്ഷയാണ് ഈ സിനിമകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. കമല്‍ സ്വരൂപിന്റെ കാലത്ത് ജനകീയ രാഷ്ട്രീയത്തെ എങ്ങിനെയാണ് സിനിമയും ഡോക്യുമന്ററിയും സമീപിക്കുന്നത് എന്നതാണ് ഈ സിനിമാ പാക്കേജിന്റെ പ്രമേയം. ഫെബ്രുവരി 16 മുതല്‍ 18 വരെ ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് പ്രദര്‍ശനം. കലാ-സൗന്ദര്യ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് കമല്‍ സ്വരൂപിന്റെ സൃഷ്ടികള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടായി നിഗൂഡവും ഇടയ്ക്കിലെ വിവാദം സൃഷ്ടിക്കുന്നതുമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. സുധീരമായ സിനിമ സമീപനവും, വിദ്യാര്‍ത്ഥികള്‍ക്കും നവാഗത സംവിധായകര്‍ക്കും അദ്ദേഹവുമായുള്ള ഗുരുതുല്യമായ സ്ഥാനവുമെല്ലാം സിനിമ ലോകത്ത് സ്വരൂപിന് തന്റേതായ ഇടം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്.

ആഴമേറിയതും ഹ്രസ്വവുമാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകളെല്ലാമെന്ന് ആശിഷ് രാജ്യാധ്യക്ഷ പറഞ്ഞു സിനിമയുടെ അടിത്തറയെത്തന്നെ തന്നെ എതിര്‍ക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രാഷ്ട്രീയം, ജനകീയ സംസ്‌കാരം എന്നിവയില്‍ ഉള്‍പ്പെട്ടാണ് മുന്നോട്ടു പോകുന്നത്. ആത്മകഥാംശമുളളതും ചരിത്രത്തിലെ ഓര്‍മ്മപ്പെടുത്തലുമായ അദ്ദേഹത്തിന്റെ സിനിമകള്‍ ജനകീയവും വിവാദപരവും ആയിട്ടുണ്ട്. സ്വന്തം നലപാടുകളില്‍ സത്യന്ധത കാട്ടുന്ന എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ഇതിഹാസ തുല്യമായ പ്രതിഛായയാണ് സ്വരൂപിനുള്ളത്. രാജ്യത്തെ സ്വതന്ത്ര്യസിനിമ രംഗത്തെ ഋഷിതുല്യമായ വ്യക്തിത്വമാണ് അദ്ദേഹം. യുവ സംവിധായകരില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ചില്ലറയല്ലെന്നും ആശിഷ് പറഞ്ഞു. രാഷ്ട്രീയ താത്വികനുമായുള്ള സംഭാഷണമെന്ന നിലയ്ക്കാണ് ബാറ്റില്‍ ഓഫ് ബനാറസ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. 2013 ല്‍ ഇറങ്ങിയ രംഗഭൂമിയിലൂടെ തുടങ്ങി 2015 ല്‍ ഇറങ്ങിയ ട്രേസിംഗ് ഓഫ് ഫാല്‍ക്കേയിലൂടെ തുടരുന്നതാണ് ഈ സംവിധാന ശൈലി.

കേവലം രാഷ്ട്രീയ ഡോക്യുമന്ററി മാത്രമല്ല, ബാറ്റില്‍ ഓഫ് ബനാറസ്. ആ കാലഘട്ടത്തിലെ മാനുഷിക സംഘര്‍ഷങ്ങളുടെ കഥ കൂടിയാണിത്. ഫെബ്രുവരി 17 വെള്ളിയാഴ്ച മുതലാണ് സിനിമ പ്രദര്‍ശനം നടത്തുന്നത്. ആദ്യ ദിനം ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ ട്രേസിംഗ് ഫാല്‍ക്കേ, ഓം ദര്‍ബദാര്‍, രംഗഭൂമി എന്നിവ പ്രദര്‍ശിപ്പിക്കും. ആര്‍ട്ടിസ്റ്റ് അതുല്‍ ദോഡിയയെക്കുറിച്ചുള്ള ചിത്രമായ അതുല്‍, ബാറ്റില്‍ ഓഫ് ബനാറസ് എന്നിവ ശനിയാഴ്ച വൈകീട്ട് 6 മണി മുതലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതു കൂടാതെ സ്വരൂപിന്റെ സ്വാധീനത്തില്‍ തയ്യാറാക്കിയ സിനിമകളും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്വരൂപിന്റെ വിദ്യാര്‍ത്ഥികളുടേതായി ചില ശ്രദ്ധേയമായ സിനിമകളും ഡോക്യുമന്ററികളും ഇറങ്ങിയിട്ടുണ്ടെന്ന് ആശിഷ് പറഞ്ഞു. രേണു സാവന്തിന്റെ മെനി മന്ത്‌സ് ഓഫ് മിറായ എന്ന നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും നടാടെയാണ് പൊതുപ്രദര്‍ശനത്തിനെത്തുന്നത്. വ്യവസായ മലീനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രതിപാദിക്കുന്ന രേണുവിന്റെ ആരണ്യകം എന്ന ചിത്രവും പ്രദര്‍ശനത്തിലുണ്ട്. കമല്‍ സ്വരൂപ് അധ്യാപകനായിരുന്ന പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ പ്രാണ്‍ജാല്‍ ദുവയുടെ ചിഡിയ ഉദ്ധ്, പ്രാന്തിക് ബസുവിന്റെ മകര, സതീന്ദര്‍ ബേഡിയുടെ കാമാക്ഷി എന്നിവയും ചലച്ചിത്ര പാക്കേജിന്റെ ഉദ്ഘാടന ദിനത്തില്‍ പ്രദര്‍ശിപ്പിക്കും.

NO COMMENTS

LEAVE A REPLY