തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാണിയില്ലാതെ എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗത്തില്‍ ധാരയായെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ കൈക്കൊണ്ടിട്ടുള്ള നിലപാടില്‍ മാറ്റമില്ല. മാണിയുടെ പിന്തുണയില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്‍പും വിജയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണംകൊണ്ട് സ്ഥിതി മാറിയിട്ടില്ലെന്നും കാനം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തില്‍ കേന്ദ്രനേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നും കാനം വ്യക്തമാക്കി.