കനയ്യ കുമാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കു ജെ എന്‍ യു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു

201

ന്യൂഡല്‍ഹി• വൈസ് ചാന്‍സലറെയും മറ്റും തടഞ്ഞുവച്ച സംഭവത്തില്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കു ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് ജങ്ങിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ചാണു കഴിഞ്ഞ മാസം വിസിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികള്‍ 20 മണിക്കൂറിലേറെ തടഞ്ഞുവച്ചത്. വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു. കനയ്യ, ഖാലിദ് എന്നിവരുള്‍പ്പെടെ 20 പേര്‍ക്കു നോട്ടിസ് അയച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുന്ന സര്‍വകലാശാല സമിതി മുന്‍പാകെ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മുഖ്യ സെക്യൂരിറ്റി ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്യാംപസില്‍ കഴിഞ്ഞ ഒക്ടോബര്‍ 14നു രാത്രി എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനു ശേഷമാണു നജീബിനെ കാണാതായത്. കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വാഴ്സിറ്റിയും ഭരണകൂടവും ഡല്‍ഹി പൊലീസും വീഴ്ച വരുത്തിയെന്ന് ആരോപിച്ചു കനയ്യയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘം ദിവസങ്ങളായി സമരത്തിലാണ്. നജീബിനെ ആക്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്തതു ദുരൂഹമാണെന്നു വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ആക്രമിച്ചുവെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തത് അധികൃതരും എബിവിപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപിച്ചു.

NO COMMENTS

LEAVE A REPLY