പാലക്കാട് • കഞ്ചിക്കോട് വ്യവസായ മേഖലയിലെ ടര്‍പന്റൈന്‍, ടിന്നര്‍ നിര്‍മാണ ഫാക്ടറിക്കു തീപിടിച്ചത് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു പൊള്ളലേറ്റു. തീപിടുത്തത്തില്‍ സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല. കഞ്ചിക്കോട് ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫിസര്‍ സി.എ.സുരേന്ദ്രന്‍, ലീഡിങ് ഫയര്‍മാന്‍ ജി.മധു, ഫയര്‍മാന്‍ സഹീര്‍ എന്നിവര്‍ക്കാണു കാലിനും കൈയ്ക്കും പൊള്ളലേറ്റത്. തീയണയ്ക്കുന്നതിനിടെ ടര്‍പന്റൈന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബാരല്‍ പൊട്ടിത്തെറിച്ചാണ് ഇവര്‍ക്കു പൊള്ളലേറ്റത്.കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഓര്‍ക്കിഡ് ഓറഞ്ച് കമ്ബനിയാണ് കത്തിനശിച്ചത്.പൊട്ടിത്തെറിക്കു സാധ്യതയേറിയ മെഥനോള്‍ വന്‍ തോതില്‍ സൂക്ഷിച്ചിരുന്ന ടാങ്കിനു സമീപത്തേക്കു തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് നാലോടെയാണ് തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. 70,000 ലീറ്റര്‍ ടര്‍പന്റൈനും ടിന്നറും ഇതു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലക്ഷം ലീറ്റര്‍ അസംസ്കൃത വസ്തുക്കളും കത്തിനശിച്ചു. 220 ലീറ്ററിന്റെ ബാരലുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ആറു ജീവനക്കാരുള്ള കമ്ബനിയില്‍ അവധി ദിവസമായതിനാല്‍ രണ്ടു ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ജീവനക്കാരുടെ നിലവിളി കേട്ടെത്തിയ സമീപത്തെ ഫാക്ടറികളിലേയും കമ്ബനികളിലെയും തൊഴിലാളികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.
കഞ്ചിക്കോട്, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായി എട്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. നാലു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ ഭാഗികമായി അണച്ചത്. തീയണയ്ക്കുന്നതിനിടെ അസംസ്കൃതവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഇരുപതോളം ബാരലുകള്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിത്തെറിക്കു സാധ്യതയുള്ള മെഥനോള്‍ ടാങ്കും ഈ കമ്ബനിക്കു തൊട്ടടുത്താണ് സ്ഥാപിച്ചിരുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് കമ്ബനി പ്രവര്‍ത്തിച്ചിരുന്നതെന്ന് വാളയാര്‍ പൊലീസും ഫയര്‍ഫോഴ്സ് അധികൃതരും അറിയിച്ചു. തീ അണയ്ക്കാനുള്ള വാതകങ്ങളോ സജീകരണങ്ങളോ കമ്ബനിയിലുണ്ടായിരുന്നില്ല.
കമ്ബനിയുടെ സമീപത്ത് നിന്നിരുന്ന തെങ്ങ് ഉള്‍പ്പെടെയുള്ള ഇരുപതോളം മരങ്ങള്‍ കത്തിനശിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപും ഇതിനു സമീപത്തുണ്ടായിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ എ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണച്ചത്.