സംസ്ഥാന ഭരണഭാഷാ പുരസ്‌കാരം കണ്ണൂരിന്

111

കണ്ണൂർ : ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാ പുരസ്‌കാരം കണ്ണൂര്‍ ജില്ലയ്ക്ക്. ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് ജില്ല പുരസ്‌കാരത്തിന് അര്‍ഹമായത്.

ഭരണഭാഷയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ കൃത്യമായി ചേര്‍ന്ന് ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന തിനാവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചതായി സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാര നിര്‍ണയ സമിതി കണ്ടെത്തി. നിരന്തരമായ ഇടപെടലുകളിലൂടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസു കളിലെയും ഔദ്യോഗിക ഫയലുകള്‍ മലയാളത്തിലാക്കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാനും ജില്ലയ്ക്കായി.

ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.

ഇതിനു പുറമെ, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ക്ലാസ്സ്-3 ജീവനക്കാരില്‍ മികച്ച ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ ഭരണഭാഷാ സേവന പുരസ്‌കാരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തിന് കണ്ണൂര്‍ കലക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് രാമചന്ദ്രന്‍ അടുക്കാടന്‍ അര്‍ഹനായി.

NO COMMENTS