തിരുവനന്തപുരം: കരമനയിലെ വാടകവീട്ടില്‍ ഭര്‍തൃമതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരമന ആഴാങ്കല്‍ കൃഷ്ണനഗറില്‍ താമസിക്കുന്ന ജയശങ്കറിന്റെ ഭാര്യ മായയെയാണ് (31) കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. അതേസമയം ഭാര്യയുടെ ശരീരത്ത് തീ ആളികത്തിക്കൊണ്ടിരിക്കെ വീടുവിട്ടുപോയ ഭര്‍ത്താവ് ജയശങ്കറിനെ കുറിച്ച് ഒരു വിവരവുമില്ല.വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഏതാനും വര്‍ഷം മുമ്ബ് വിവാഹിതരായ ഇവര്‍ രണ്ടുമാസം മുമ്ബാണ് ആഴാങ്കല്‍ സ്വദേശിനി പത്മിനിയമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിയായ ജയശങ്കര്‍ ടൂറിസ്റ്റ് വാഹനത്തിലെ ഡ്രൈവറാണ്. നിലമേല്‍ സ്വദേശിനിയാണ് മായ.കഴിഞ്ഞ കുറേ വര്‍ഷമായി കരുമത്ത് താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് പത്മിനിയമ്മയുടെ വീടിന്റെ മുകള്‍ നിലയില്‍ താമസത്തിനെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം തനിച്ച് താമസിക്കുകയായിരുന്ന പത്മിനിയമ്മ തനിക്ക് ഒരു കൂട്ടാകുമെന്ന് കരുതിയാണ് വീടിന്റെ മുകള്‍ നില ദമ്ബതികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കരുമത്തുള്ള പരിചയക്കാരാണ് പത്മിനിയമ്മയുടെ വീട് ഇവര്‍ക്ക് തരപ്പെടുത്തി നല്‍കിയത്.ടൂറിസ്റ്റുകളുമായി ഓട്ടമുള്ള സമയത്ത് വീട്ടില്‍ നിന്ന് പോയാല്‍ ഏതാനും ദിവസം കഴിഞ്ഞാണ് ജയശങ്കര്‍ മടങ്ങിവരാറുള്ളത്. ചിക്കന്‍ പോക്സ് ബാധിച്ച് നെയ്യാറ്റിന്‍കരയില്‍ കഴിയുന്ന മാതാവിനെ പരിചരിക്കാനായി കുറച്ചുദിവസങ്ങളായി ഇയാള്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല.ബുധനാഴ്ച രാത്രി ആഴാങ്കലിലെ വീട്ടിലെത്തിയ ജയശങ്കര്‍ രണ്ടുമാസത്തെ വാടക കുടിശിക നല്‍കുകയും വീട്ടുടമയ്ക്ക് കരാറൊപ്പിട്ട് നല്‍കുകയും ചെയ്തിരുന്നു. അത്താഴത്തിനുശേഷം ഉറങ്ങാന്‍ കിടന്ന ദമ്ബതികളുടെ മുറിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ നിലവിളികേട്ട് പത്മിനി പുറത്തിറങ്ങുമ്ബോഴാണ് വീടിന്റെ മുകള്‍ നിലയിലെ ബെഡ് റൂമില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്.ഭാര്യ കത്തിക്കരിയുന്നുവെന്ന് അലമുറയിട്ടുകൊണ്ട് ജയശങ്കറും സ്ഥലത്തുണ്ടായിരുന്നതായി പത്മിനി പോലീസിനോട് പറഞ്ഞു. അയല്‍ക്കാര്‍ ഓടിക്കൂടുന്നതിനിടെ വീട്ടില്‍ നിന്ന് ബൈക്കില്‍ കയറിപ്പോയ ജയശങ്കറിനെപ്പറ്റി യാതൊരു സൂചനയുമില്ലെന്ന് പോലീസ് പറഞ്ഞു.കൗണ്‍സിലര്‍ ആശാനാഥിന്റെയും റവന്യൂ അധികൃതരുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയശങ്കറിനായി അന്വേഷണം ആരംഭിച്ചതായി കരമന പോലീസ് അറിയിച്ചു.